സ്‌പോർട്‌സ് ഹോസ്റ്റൽ;ലൈസൻസ് മാനദന്ധങ്ങൾ പാലിക്കുന്നവരിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ മന്ത്രിയുടെ നിർദേശം

 


കണ്ണൂർ:-ഗവ. സ്‌പോർട്‌സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മത്സ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന്, കൃത്യമായ ലൈസൻസ് മാനദന്ധങ്ങൾ പാലിക്കുന്നവരിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ ശനിയാഴ്ച വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം ഭക്ഷണത്തിന് ശേഷം തലവേദന, വായിൽ പുകച്ചിൽ, ചെറിയ ചൊറിച്ചിൽ, ചൂട് തോന്നൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് 20 കുട്ടികൾ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.

ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവർ സ്‌പോർട്‌സ് ഹോസ്റ്റൽ, ആയിക്കര ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. മത്സ്യസാമ്പിൾ ഭക്ഷ്യസുരക്ഷ വിഭാഗം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ യും ആരോഗ്യ വകുപ്പിന്റെയും പരിശോധന കർശനമാക്കാൻ തീരുമാനിച്ചു..

മന്ത്രിയുടെ യോഗത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം, സ്‌പോർട്‌സ്, യുവജനകാര്യം, സ്‌കൂൾ അധികൃതർ, പി ടി എ ഭാരവാഹികൾ, സ്‌പോർട്‌സ് ഹോസ്റ്റൽ അധികൃതർ എന്നിവർ പങ്കെടുത്തു. സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചർച്ച ചെയ്തു.

ഡിഎംഒ ഡോ പിയുഷ് എം നമ്പൂതിരിപ്പാട് സ്‌കൂളും ഹോസ്റ്റലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ഡിഎംഒയുടെ  നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് തന്നെ സ്‌പോർട്്‌സ് ഹോസ്റ്റൽ സന്ദർശിച്ചിരുന്നു.

Previous Post Next Post