ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനം ആഘോഷിച്ചു


ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗാന്ധിജിയുടെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വൈകുന്നേരം ഗാന്ധിജിയെ അറിയാൻ എന്ന സന്ദേശവുമായി 'ഗാന്ധി സ്മൃതി സന്ധ്യ' എന്ന പരിപാടിയും സംഘടിപ്പിച്ചു.

വായനശാല പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗാന്ധിജിയും ഗാന്ധിസത്തിൻ്റെ പ്രസക്തിയും എന്ന വിഷയത്തെക്കുറിച്ച് അഡ്വ:കെ.ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി.കഴിഞ്ഞ ഓണാഘോഷ പരിപാടിയിലെ മത്സര വിജയികൾക്കുള്ള സമ്മാനദാനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.വി ശശിധരൻ നിർവ്വഹിച്ചു. വായനശാല മുൻ പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. 

ചടങ്ങിൽ വച്ച്‌ ചെസ്സ് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ച കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി വിദ്യാർത്ഥിയും വായനശാല ബാലവേദി പ്രവർത്തകനുമായ ശിവറാം എ.ഡി യെ അനുമോദിച്ചു. തുടർന്ന് ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെൻട്രി പ്രദർശനവുമുണ്ടായി. പരിപാടിക്ക് വായനശാല സെക്രട്ടറി കെ.എം രാജശേഖരൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി ബേബി രഞ്ജിത്ത് നന്ദിയും പറഞ്ഞു.






























Previous Post Next Post