കുളത്തിൽ അപകടത്തിൽപെട്ട രണ്ടുപേരെ രക്ഷിച്ച് മാതൃകയായി പ്ലസ് വൺ വിദ്യാർഥി യദുനന്ദും കൂട്ടുകാരും


കരിവെള്ളൂർ :- കുളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഒൻപതുവയസ്സുള്ള രണ്ട് കുട്ടികളെ രക്ഷിച്ച പ്ലസ് വൺ വിദ്യാർഥി യദുനന്ദും കൂട്ടുകാരുമാണ് ഇന്ന് കരിവെള്ളൂർ ഗ്രാമത്തിന്റെ താരങ്ങൾ. വടക്കുമ്പാട്ടെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുളത്തിൽ നിന്നാണ് നാലാംക്ലാസ് വിദ്യാർഥികളായ ഋത്വിക്, പ്രകൃതീശ്വരൻ എന്നിവരെ യദുനന്ദും കൂട്ടുകാരായ നാലുപേരും ചേർന്ന് കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത്. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി യദുനന്ദ്, സഹോദരൻ മാന്യഗുരു യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥി ഋതുനന്ദ്, എ.വി സ്മാരക സ്കൂൾ വിദ്യാർഥികളായ കെ.പി ആകാശ്, ഹാർഷിക്, മാന്യഗുരു യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി വൈശാഖ് എന്നിവരാണ് നാടിന് മാതൃകയായത്. കരിവെള്ളൂർ തെരു, കുതിര് പ്രദേശങ്ങളിലുള്ളവരാണ്. എല്ലാവരും.

കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം. വടക്കുമ്പാട്ടെ റോഡിലൂടെ കളിക്കാനായി പോകുമ്പോഴാണ് അപ്പുറത്തെ പറമ്പിലെ കുളത്തിൽ രണ്ട് കുട്ടികൾ മരണത്തോട് മല്ലടിക്കുന്ന കാഴ്ച യദുനന്ദും കൂട്ടുകാരും കണ്ടത്. പിന്നെ ഒന്നുമാലോചിച്ചില്ല. കൈയിലുണ്ടായിരുന്ന വടിയുമായി യദുനന്ദ് കുളത്തിലേക്കിറങ്ങി. എങ്ങനെയോ ഒരു കല്ലിൽ ചവിട്ടി നിൽക്കാൻ പറ്റി. വടിനീക്കി കൊടുത്ത് ഒരു കുട്ടിയെ കരയ്ക്കടുപ്പിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുട്ടി താഴ്ന്നുപോയിരുന്നു. ഇടയ്ക്ക് ഒന്ന് ഉയർന്നുവന്നപ്പോൾ കൈയിൽ പിടിത്തം കിട്ടി. രണ്ടുപേരെയും കരയിലെത്തിച്ചു. കുട്ടികളെ കരയ്ക്കെത്തിക്കാൻ മറ്റ് നാലുപേരും സഹായിച്ചു. കുറച്ചുവെള്ളം കുടിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. രണ്ട് കുട്ടികളെയും വീട്ടിൽ കൊണ്ടാക്കിയ ശേഷമാണ് യദുനന്ദും ഒപ്പമുള്ളവരും മടങ്ങിയത്. പേടികൊണ്ട് ആരും ഒന്നും പുറത്ത് പറഞ്ഞില്ല. രണ്ടാം ദിവസമാണ് നാട്ടുകാർ വിവരമറിഞ്ഞത്. രണ്ട് കുരുന്ന് ജീവനുകളെ രക്ഷിച്ചെടുത്ത കുട്ടികളെ അഭിനന്ദിക്കാൻ ഒരുങ്ങുകയാണ് കരിവെള്ളൂർ ഗ്രാമം.

Previous Post Next Post