സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെ കനത്ത മുന്നറിയിപ്പും മാർഗനിർദ്ദേശങ്ങളുമായി ഐടി മന്ത്രാലയ ഏജൻസി


ന്യൂഡൽഹി :- സൈബർ തട്ടിപ്പുകാരുടെ പ്രവർത്തനരീതികളെക്കുറിച്ചു മുന്നറിയിപ്പും മാർഗനിർദേശവുമായി ഐടി മന്ത്രാലയ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്-ഇൻ). ഡിജിറ്റൽ അറസ്‌റ്റിന്റെ പേരിൽ പണവും മറ്റു വിവരങ്ങളും തട്ടുന്നവർ ഏതൊക്കെ രീതിയിലാണ് ഇടപെടുന്നത്, അവരുടെ സംസാരം എന്നിവയെല്ലാം സെർട്-ഇന്നിൻ്റെ മുന്നറിയിപ്പിലുണ്ട്. സർക്കാർ ഏജൻസികൾ വാട്സാപ്, സ്കൈപ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്താറില്ലെന്ന് സെർട്-ഇൻ വ്യക്തമാക്കുന്നു.

ഡിജിറ്റൽ അറ‌സ്റ്റെന്ന തരത്തിൽ ആരെങ്കിലും ബന്ധപ്പെട്ടാൽ ഏജൻസികളെ നേരിട്ടു ബന്ധപ്പെട്ടു നിജസ്ഥിതി പരിശോധിക്കണം. നിയമവിരുദ്ധ പ്രവർത്തനം, കള്ളപ്പണമിടപാട് തുടങ്ങിയവയുടെ പേരിൽ ഇമെയിൽ, ഫോൺകോൾ എന്നിവ ലഭിക്കുന്നതാണു തട്ടിപ്പിന്റെ രൂപമെന്നും നിയമനടപടിയും അറസ്റ്റും നേരിടണമെന്നു തട്ടിപ്പുകാർ ഭീഷണിപ്പെടുത്താറുണ്ടെന്നും സെർട്-ഇൻ വ്യക്തമാക്കുന്നു. സാധാരണക്കാരിൽ ഭീതി സൃഷ്ടിച്ച് പെട്ടെന്നു പണം തട്ടുന്നതാണ് ഇവരുടെ രീതി. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ആശങ്കപ്പെടരുതെന്നും സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാൻ ശ്രമിക്കണമെന്നുമാണു നിർദേശം.

Previous Post Next Post