സൗജന്യ ചികിത്സ നൽകിയതിനുള്ള കുടിശ്ശിക 40 കോടി ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ


തിരുവനന്തപുരം :- കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ അർഹരായവർക്ക് സൗജന്യചികിത്സ നൽകിയതിനുള്ള കുടിശ്ശികത്തുക നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെൻ്റുകൾ. പത്തുമാസത്തെ കുടിശ്ശികയായി 30 മുതൽ 40 കോടി വരെയാണ് ഓരോ കോളേജിനും സർക്കാർ നൽകാനുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ളത്. ഇവർക്ക് സൗജന്യചികിത്സ നൽകുന്ന ആശുപത്രികളുടെ പട്ടികയിൽ ഒട്ടുമിക്ക സ്വകാര്യ മെഡിക്കൽ കോളേജുകളുമുണ്ട്. 

ചികിത്സ കഴിഞ്ഞാൽ 15 ദിവസത്തിനകം  ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി ആശുപത്രികൾക്ക് നൽകണമെന്നാണ് കരാർ. എന്നാൽ, പത്തുമാസമായി കൃത്യമായി പണം നൽകുന്നില്ലെന്ന് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെൻ്റ് അസോ സിയേഷൻ പ്രസിഡൻ്റ് അനിൽകുമാർ വള്ളിൽ പറഞ്ഞു. പട്ടികജാതി-വർഗ, ഒ.ഇ.സി. വിദ്യാർഥികളുടെ ഫീസ് ഇനത്തിലും 30 കോടിവരെ ഓരോ കോളേജിനും സർക്കാരിൽ നിന്ന് കിട്ടാനുണ്ടെന്നും അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്നുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും മെഡിക്കൽ കോളേജുകളുടെയും അനുബന്ധ ആശുപത്രികളുടെയും പ്രവർത്തനം സ്തംഭിക്കുമെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Previous Post Next Post