കണ്ണൂർ :- ബുധനാഴ്ച റെയിൽവേ സ്റ്റേഷനിൽ നിരവധി ആളുകളെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നായയുടെ കടിയേറ്റവരെല്ലാം വാക്സിൻ എടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, നായ പലരുടെയും വസ്ത്രങ്ങൾ കടിച്ചുകീറിയിരുന്നു. ഇവർ വാക്സിൻ എടുത്തിരുന്നില്ല. കടിച്ചില്ലെങ്കിലും നായ ദേഹത്ത് സ്പർശിച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ.കെ ജയശ്രീ പറഞ്ഞു. നായയുടെ കടിയേറ്റ് വസ്ത്രങ്ങൾ കീറിയവരും വാക്സിൻ എടുക്കണമെന്നും അവർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണി നേരിടാൻ ഗൗരവ ഇടപെടൽ വരുന്നു. ബുധനാഴ്ച കണ്ണൂർ റെയിൽവേ - സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തും 25 പേരെ നായ ആക്രമിച്ച സംഭവത്തിലാണ് ഈ ഇടപെടൽ. വിഷയത്തിൽ ഗൗരവമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാൻ തദ്ദേശസ്വയം ഭരണമന്ത്രി എം.ബി രാജേഷിന് കത്ത് നൽകി. കേരളത്തിലെ പാസഞ്ചർ അസോസിയേഷനുകളെ ഉൾപ്പെടുത്തി രണ്ട് മേഖലാതല യോഗങ്ങളും വിളിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. തീയതികൾ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് കേസെടുത്തത്. കളക്ടർ, മുനിസിപ്പൽ സെക്രട്ടറി, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കണ്ണൂർ മുനിസിപ്പൽ സെക്രട്ടറിയും റെയിൽവേ സ്റ്റേഷൻ മാനേജറും ഡിസംബർ 18-ന് രാവിലെ 11-ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാനും നിർദേശിച്ചു.