കണ്ണൂർ :- കൃത്രിമനിറങ്ങൾ ചേർത്ത ഭക്ഷണസാധനങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും ലഘുപാനീയങ്ങളുടെയും കാര്യത്തിൽ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന കാരണത്താൽ നിരോധിച്ച കൃത്രിമ ഭക്ഷ്യനിറങ്ങളാണ് (ഫുഡ് കളർ) ചിലതിൽ ചേർത്തിട്ടുണ്ടാകുക. അനുവദനീയമായ ഭക്ഷ്യനിറങ്ങൾ അമിതമായ അളവിൽ ചേർക്കുന്നതും രോഗങ്ങൾക്ക് കാരണമാകും. ഇതെല്ലാം കണക്കിലെടുത്ത് ഭക്ഷണങ്ങളിലെ നിറത്തിനെതിരേ ബോധവത്കരണവും വകുപ്പ് നടത്തുന്നുണ്ട്.
ആളുകൾ കൂടുന്നിടത്ത് വിൽപ്പനയെത്തുന്ന പാനീയങ്ങളിലും ഐസ്ക്രീമുകളിലും സിപ്പ് അപ്പിലും തുടങ്ങി കുപ്പിയിലടച്ച ലഘുപാനീയങ്ങളിലും പാക്ക് ചെയ്ത ഭക്ഷ്യയിനങ്ങളിലും വരെ നിറങ്ങളുടെ പ്രളയമാണ്. ജീരകമിഠായി മുതൽ ജെല്ലി മിഠായി വരെയുള്ളയും ഇതിൽ നിന്ന് മുക്തമല്ല. ലഡു, ജിലേബി, ബിസ്ലറ്റുകൾ തുടങ്ങി കായവറുത്തതിൽ വരെ നിറങ്ങളുടെ ധാരാളിത്തമാണ്. പൊരിച്ച മീനും മീൻകറിയും ചിക്കൻ ടിക്കയും ഡ്രൈ ഫ്രൈയും ചില്ലി ചിക്കനുമെല്ലാം ഇടിവെട്ട് ചുവപ്പുനിറത്തിൽ പ്ലേറ്റിലെത്തുന്നതും ഇങ്ങനെതന്നെ.
പായ്ക്ക് ചെയ്ത ഇനങ്ങളിലും ലഘുപാനീയങ്ങളിലും ചേർത്തിട്ടുള്ള നിറങ്ങളേതെന്ന് പായ്ക്കറ്റിലെ ലേബൽ നോക്കിയാലറിയാം. എന്നാൽ മറ്റുള്ളവയുടെ കാര്യത്തിൽ ഇത് തിരിച്ചറിയാൻ വഴിയില്ല. ഭക്ഷ്യ സുരക്ഷാവകുപ്പ് സാമ്പിളെടുത്ത് ലാബിൽ അയച്ച് പരിശോധിച്ചാൽ മാത്രമേ അറിയൂ. അതിനാൽ നിറം ചേർത്ത ഭക്ഷണസാധനങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. റോഡാമിൻ ബി, അമരാന്ത്, ഓറഞ്ച് 2, മെറ്റാനിൽ യെല്ലോ, മാലക്കൈറ്റ് ഗ്രീൻ തുടങ്ങിയ കൃത്രിമനിറങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചവയാണ്. റോഡാമിൻ ഭക്ഷ്യവസ്തുക്കൾക്ക് മജന്തനിറവും അമരാന്ത് ചുവപ്പുനിറവും നൽകും. ഈ നിറങ്ങൾ ഉള്ളിൽ ച്ചെല്ലുന്നത് കരൾ, വൃക്ക, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങൾക്ക് തകരാറുണ്ടാക്കുകയും കാൻസറിനുവരെ കാരണമാകുകയും ചെയ്യും. എന്നാൽ വിലക്കുറവും നിറത്തിലെ തീവ്രതയും കാരണം പലരും നിയമവിരുദ്ധമായി ഇവ ഉപയോഗിക്കുന്നുണ്ട്.
കൃത്രിമനിറങ്ങൾക്ക് പകരം ഭക്ഷണ സാധനങ്ങളിൽ ഉപയോഗിക്കാവുന്ന പ്രകൃതിദത്തനിറങ്ങളുണ്ട്. മഞ്ഞനിറത്തിന് മഞ്ഞൾപ്പൊടിയും ഓറഞ്ചിന് കാരറ്റും മെറൂണിന് ബീറ്റ്റൂട്ടും നീലയ്ക്ക് നീല ശംഖുപുഷ്പവും ഉപയോഗിക്കാം. പച്ചനിറത്തിന് സ്പൈറുലിനയും തവിട്ടിന് കാരമലും ചുവപ്പിന് പാപ്രിക്കയും ചുവപ്പ്, പർപ്പിൾ നിറത്തിന് മുന്തിരിത്തൊലിസത്തും ഉപയോഗിക്കാം. ഇവ ചേർത്താൽ കൃത്രിമനിറത്തിന്റെയത്ര തീവ്രത ലഭിക്കില്ലെങ്കിലും ആരോഗ്യം പോകാതെ നോക്കാം.