ശബരിമല :- അയ്യപ്പസ്വാമിയുടെ പ്രസാദം ഇന്ത്യയിൽ എവിടെയും ലഭിക്കാൻ തപാൽ വകുപ്പ് ക്രമീകരണങ്ങളൊരുക്കി. പ്രസാദ സഞ്ചിയിൽ അരവണ, ആടിയശിഷ്‌ടം നെയ്യ്, വിഭൂതി, അർച്ചന പ്രസാദം, മാളികപ്പുറത്തെ കുങ്കുമം, മഞ്ഞൾ എന്നിവ ലഭിക്കും. ഒരു ടിൻ അരവണ അടങ്ങിയ കിറ്റിന് 520 രൂപ, 4 അരവണ 960 രൂപ, 10 അരവണ 1760 രൂപ എന്നിങ്ങനെയാണ് നിരക്ക്. ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്നാണ് ഇതു നടപ്പാക്കുന്നത്. ഏതു പോസ്‌റ്റ് ഓഫിസിലും ബുക്ക് ചെയ്യാം.
ദാർശനത്തിനെത്തുന്ന കുട്ടികൾ കൂട്ടം തെറ്റിയാൽ വേഗത്തിൽ കണ്ടെത്തുന്നതിന് പൊലീസ് പമ്പയിൽ കുട്ടികളുടെ കയ്യിൽ ടാഗ് കെട്ടി നൽകും. കുട്ടിയുടെ പേര്, ഒപ്പമുള്ള മുതിർന്ന അംഗത്തിൻ്റെ മൊബൈൽ നമ്പർ എന്നിവ ടാഗിൽ ഉണ്ട്.
തീർഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ നിന്ന് ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം, കൊട്ടാരക്കര, കുമളി, എറണാകുളം എന്നിവിടങ്ങളിലേക്ക് തടസ്സമില്ലാതെ സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
നിലയ്ക്കൽ, എരുമേലി, പന്തളം എന്നിവിടങ്ങളിൽ നേരത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെ ചുമതലയിൽ നടന്നിരുന്ന അപ്പം, അരവണ തയാറാക്കൽ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തു.