കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കി പൊലീസ്. വരണാധികാരിയായ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടിയെന്നും പൊലീസ് അറിയിച്ചു. വിവാദ യാത്രയയപ്പിന് പിന്നാലെ എഡിഎം നവീൻബാബു ജീവനൊടുക്കിയതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി ദിവ്യ രാജിവച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷയായിരുന്ന കെ.കെ രത്നകുമാരിയെയാണ് പകരം പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. എൽഡിഎഫിന് പതിനേഴ് അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് ഏഴ് മാത്രമാണ് അംഗബലം. അതിനാൽ രത്നകുമാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ബാലറ്റ് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുത്ത് ജില്ലാ കലക്‌ടർ തന്നെയാണ് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കുക.