പത്തനംതിട്ട :- കേന്ദ്ര കാലാവസ്‌ഥാ വകുപ്പിൻ്റെ നേതൃത്വത്തിൽ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താൽക്കാലിക കാലാവസ്‌ഥാ നിരീക്ഷണ സൗകര്യങ്ങളൊരുക്കി. നാളെ മുതൽ ഓരോ 3 മണിക്കൂറിലും ഈ മഴമാപിനികളിലെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പിആർഡിയുടെയും സഹായത്തോടെ വിവരങ്ങൾ ഭക്‌തരിലേക്കെത്തിക്കും. 3 ദിവസത്തോളം ക്യാംപ് ചെയ്താണ് ഐഎംഡി അധികൃതർ ജോലി പൂർത്തിയാക്കിയത്. വനംവകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും മഴമാപിനികളിലെ വിവരങ്ങൾ കൂടി ശേഖരിച്ചാൽ കൂടുതൽ കൃത്യമായ അറിയിപ്പുകൾ നൽകാമെന്ന പ്രതീക്ഷയിലാണ് ഐഎംഡി.
ശബരിമലയിലെ ഓൺലൈൻ ക്യൂ സംവിധാനത്തിൽ റജിസ്‌റ്റർ ചെയ്യുന്ന ഭക്‌തരുടെ മൊബൈൽ നമ്പറിലേക്കു നേരിട്ട് കാലാവസ്‌ഥാ മുന്നറിയിപ്പുകളെത്തിക്കാനുള്ള ശ്രമവുമായി അധികൃതർ. എസ്എംഎസ് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനില്ല. നിലവിൽ 3 ദിവസത്തെ മുന്നറിയിപ്പാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ഇതു മറ്റു സംസ്ഥാനങ്ങളിലെ ഭക്തരിലേക്ക് എത്തിക്കുന്ന കാര്യം ചർച്ച ചെയ്യും. അടുത്ത ഘട്ടത്തിൽ താപനില ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ സംവിധാനമൊരുക്കും. ജില്ലാ ഭരണകൂടത്തിനു കീഴിലെ എമർജൻസി ഓപ്പറേഷൻ വിഭാഗമാണ് കാലാവസ്ഥാ നിരീക്ഷണ വിവരങ്ങൾ ശേഖരിക്കുന്നത്.