കൊച്ചി :- പൈനാപ്പിൾ വിലയിൽ ഇടിവ്. പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്ക് പ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ 14 രൂപ വരെയാണ് പൈനാപ്പിൾ വിലയിലുണ്ടായ കുറവ്. പൈനാപ്പിൾ പഴത്തിന് നവംബർ പത്തിന് 48 രൂപ ഉണ്ടായിരുന്നത് വ്യാഴാഴ്ച 34 രൂപയായി കുറഞ്ഞു. പച്ച പൈനാപ്പിളിന്റെ വില 41 രൂപയിൽ നിന്ന് 27 രൂപയായും പച്ച സ്പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന്റെ വില 43 രൂപയിൽ നിന്ന് 29 രൂപയായും കുറഞ്ഞു.
പൊതുവേ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഉത്പാദനം കൂടുന്നതിനാൽ വിലയിടിവ് സാധാരണയാണ്. കഴിഞ്ഞ വർഷം നവംബർ 21-ന് പൈനാപ്പിൾ പഴത്തിന് 42 രൂപയും പച്ചയ്ക്ക് 36 രൂപയും സ്പെഷ്യൽ ഗ്രേഡിന് 38 രൂപയുമായിരുന്നു വില. എന്നാൽ, തൊട്ടു മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ അധികം കുറവ് വന്നിട്ടില്ല. സാധാരണ വില കുറയുമ്പോൾ കർഷകർ വലിയ നഷ്ടം നേരിടുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ വിലയിടിഞ്ഞെങ്കിലും കർഷകർ വലിയ നഷ്ടം നേരിടുന്നില്ലെന്നും സംസ്ഥാനത്ത് പൈനാപ്പിളിന്റെ പ്രധാന വിപണിയായ വാഴക്കുളത്തു നിന്നും കെട്ടിക്കിടക്കാതെ പഴങ്ങളെല്ലാം വിറ്റുപോകുന്നുണ്ടെന്നും പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സംസ്‌കരണ യൂണിറ്റുകളിലേക്കും മറ്റുമായി ചെറിയ ലോഡുകളിൽനാപ്പിൾ ധാരാളമായി പോകുന്നുണ്ട്. ഇത്തവണ, സംസ്കൃരണ യൂണിറ്റുകൾ നേരിട്ട് കർഷകരിൽ നിന്ന് വാങ്ങുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ശബരിമല നട തുറന്നതിനാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരടക്കം പൈനാപ്പിൾ ധാരാളമായി വാങ്ങു ന്നുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.
നിലവിൽ പ്രതിദിനം 1,500-2,000 ടൺ വരെയാണ് പൈനാപ്പിൾ ഉത്പാദനം. വിലയിടിഞ്ഞെങ്കിലും കാലാവസ്ഥ അനുകൂലമായതിനാൽ അധികം പരിചരണം ആവശ്യമില്ലെന്നും നിലവിൽ വിപണിയിൽ വലിയ പ്രതിസന്ധിയില്ലെന്നും കർഷകർ പറയുന്നു. എന്നാൽ, മഴ കനത്താൽ വിപണി തിരിച്ചടി നേരിട്ടേക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിപണിയിൽ, ഓറഞ്ച് ഉൾപ്പെടെയുള്ള സീസണൽ ഫലങ്ങൾ സുലഭമായി എത്തുന്നതും പൈനാപ്പിളിൻ്റെ വിലയെ താഴേക്ക് വലിക്കുന്നുണ്ട്. സവാള വിലക്കയറ്റവും ക്ഷാമവും കാരണം വടക്കേ ഇന്ത്യ യിലേക്കുള്ള ലോറികളുടെ ലോഡ് കുറഞ്ഞതും പൈനാപ്പിൾ വിലയെ വീഴ്ത്തി. കൈതച്ചക്കയുമായി പോകുന്ന ലോറികൾ സാധാരണ സവാളയുമായി കേരളത്തിലേക്ക് മടങ്ങാറാണ് പതിവ്. എന്നാൽ, ദീപാവലിയോടനുബന്ധിച്ച് കൈതച്ചക്കയുമായി പോയ ലോറികൾ സവാള കിട്ടാതായതോടെ മടങ്ങിയെത്താൻ വൈകി. ഇത് പൈനാപ്പിളിന്റെ വടക്കേ ഇന്ത്യയിലേക്കുള്ള ലോഡ് കുറച്ചതും വിലയിടിവിന് കാരണമായി.