ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും മുഖ്യം, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി


എറണാകുളം :- ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു.ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും.പുതിയ നിയന്ത്രണങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കും.പൂരത്തിന്‍റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും. സർക്കാർ ഇടപെടൽ ഉണ്ടാകണം.തമിഴ്നാട്ടിലെ എല്ലാവരും ഒരുമിച്ച് നിന്ന് ജല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു.കോടതിയെ എതിർക്കാനില്ല.ആചാരത്തെ അതിന്‍റേതായ രീതിയിൽ കണ്ട് ഇളവുകൾ വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ ആവശ്യപ്പെട്ടു

Previous Post Next Post