ആലപ്പുഴ :- സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു തിരിതെളിഞ്ഞു. ഇനി നാലു നാൾ ആലപ്പുഴയിൽ പുത്തൻ ആശയങ്ങളുടെയും പരീക്ഷണ കൗതുകങ്ങളുടെയും വിസ്‌മയലോകം വിരിയും. ഇന്നുമുതൽ 18വരെ നഗരത്തിലെ 5 സ്‌കൂളുകളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ 180 ഇനങ്ങളിലായി 5000 വിദ്യാർഥികൾ പങ്കെടുക്കും. പ്രധാനവേദിയായ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ ശാസ്ത്രോത്സവത്തിനു തിരി തെളിച്ചു.
ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സെന്റ് ജോസഫ‌് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രധാന മത്സരങ്ങൾ നാളെ രാവിലെ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തിയതോടെ വിദ്യാർഥികളുടെ റജിസ്ട്രേഷൻ ആരംഭിച്ചു. ശാസ്ത്രമേള, ഗണിതശാസ്ത്ര മേള, പ്രവൃത്തി പരിചയ മേള, ഗണിതശാസ്ത്ര മേള, ഐടി മേള എന്നിവയ്ക്കൊപ്പം വൊക്കേഷനൽ എക്സ്പോ, കരിയർ എക്സ്പോ എന്നിവയുമുണ്ട്. ഓവറോൾ ചാംപ്യൻമാരാകുന്ന ജില്ലയ്ക്ക് ഈ വർഷം മുതൽ എജ്യുക്കേഷനൽ മിനിറ്റേഴ്‌സ് ട്രോഫി നൽകും. നാളെ മുതൽ 18 വരെ വൈകിട്ട് മേള സന്ദർശിക്കാൻ എല്ലാവർക്കും അവസരമുണ്ട്