മാനസികമായി നിരന്തരം പീഡിപ്പിച്ചു, പത്തനംതിട്ടയിലെ അമ്മുവിൻ്റെ മരണത്തിൽ സഹപാഠികൾക്കെതിരെ കേസെടുത്തത് ശക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ


പത്തനംതിട്ട :- പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിന് നിരവധി കാരണങ്ങൾ. പ്രതികളായ മൂന്ന് പേരുടെയും വിശദീകരണ കുറിപ്പടക്കം കേസെടുക്കുന്നതിലും അറസ്റ്റ് നടപടികളിലും നിർണായകമായി. അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. 

ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ മൂവ‍ർക്കുമെതിരായ കണ്ടെത്തലുകൾ, തെറ്റുകൾ ഏറ്റുപറഞ്ഞു പെൺകുട്ടികൾ കോളേജിൽ നൽകിയ വിശദീകരണക്കുറിപ്പ്, ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ക്വിറ്റ് എന്നെഴുതിയ കുറിപ്പ്, അമ്മുവിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ നിർണായകമായത്.

Previous Post Next Post