ഇന്ത്യയുടെ അതിവേഗ ഗതാഗതം, ' ഹൈപ്പർലൂപ്പ് ' പരീക്ഷണപാത തയ്യാറായി


ചെന്നൈ :- ഇന്ത്യയിൽ ആദ്യമായി ഹൈപ്പർലൂപ്പിന്റെ പരീക്ഷണം നടക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 410 മീറ്റർ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കിൻ്റെ നിർമാണം പൂർത്തിയായതായി അദ്ദേഹം എക്സിൽ കുറിച്ചു. വീഡിയോ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ അതിവേഗ ഗതാഗതം എന്ന സ്വപ്നത്തിന്റെ തുടക്കമായാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ കാണുന്നത്. ഐഐടി മദ്രാസിൻ്റെ തയ്യൂരിലെ ഡിസ്കവറി കാമ്പസിലാണ് ടെസ്റ്റ് ട്രാക്ക് തയ്യാറാക്കിയത്.

ഇന്ത്യൻ റെയിൽവേ, ഐഐടി-മദ്രാസിൻ്റെ ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീം, സ്റ്റാർട്ടപ്പായ TuTr ഹൈപ്പർലൂപ്പ് എന്നിവയുടെ സഹകരണത്തിൻ്റെ ഫലമാണ് ഹൈപ്പർലൂപ്പ് ട്രാക്ക് സംവിധാനം. ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഉടൻ യാഥാർത്ഥ്യമാക്കാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച മന്ത്രി ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

അതിവേ​ഗതയിൽ താങ്ങാനാകുന്നതും സുസ്ഥിരവുമായി സഞ്ചരിക്കാനുള്ള പാതയൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പരീക്ഷണ ട്രാക്കിന് നേതൃത്വം വഹിച്ച സംഘം വ്യക്തമാക്കി. റെയിൽവേയാണ്‌ ഐഐടി മദ്രാസിലെ ഈ ഹൈപ്പർലൂപ്പ് സാങ്കേതിക വികസന സംരംഭത്തിൻ്റെ പ്രധാന പങ്കാളി. ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കിൽ 100 കിലോമീറ്റർ വേഗതയിൽ പരീക്ഷണം നടത്തി. എന്നാൽ, മണിക്കൂറിൽ 600 കിലോമീറ്റർ വേഗത കൈവരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.  

Previous Post Next Post