ശബരിമല :- പമ്പയിൽനിന്നു സന്നിധാനത്തേക്കും തിരിച്ചും തീർഥാടകരെ ചുമന്നെ ഡോളി സേവനത്തിന്റെ നിരക്കുകൾ കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീർഥാടകരുടെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ 3 വിഭാഗമായി തിരിച്ചാണു നിരക്കു നിശ്ചയിച്ചത്. 1000 മുതൽ 3000 രൂപ വരെ കൂടും. എല്ലാവർക്കും 3250 രൂപയാണു നിലവിലെ നിരക്ക്. പ്രീ പെയ്‌ഡ് സംവിധാനത്തിൽ ഒരു ഭാഗത്തേക്ക് 80 കിലോഗ്രാം വരെ 4250 രൂപ, 80 മുതൽ 100 കിലോ വരെ 5250 രൂപ, 100 കിലോയ്ക്കു മുകളിൽ 6250 രൂപ എന്നിങ്ങനെ നിരക്ക് ഈടാക്കാനാണു തീരുമാനം.
പുതിയ ടിക്കറ്റുകൾ അച്ചടിച്ച ശേഷം മാറ്റം വരുത്തിയ നിരക്കുകൾ ഈടാക്കും. തീർഥാടകൻ ഒരു വശത്തേക്കു ഡോളിയിൽ പോകുമ്പോൾ ദേവസ്വം ബോർഡിനു ലഭിക്കുന്ന തുക 250 രൂപയായി തുടരും. പ്രീ പെയ്‌ഡ് ഡോളി സേവനം തുടങ്ങാൻ സന്നിധാനം വലിയ നടപ്പന്തലിൽ എസ്ബിഐ എടിഎം കൗണ്ടറിനു സമീപം, നീലിമല കാർഡിയോളജി സെന്റർ പരിസരം, പമ്പ ചെളിക്കുഴി എന്നിവിടങ്ങളിൽ 3 കൗണ്ടറുകൾ തുറക്കും. ഓൺലൈനായും പണം അടയ്ക്കാം.