കണ്ണൂർ :- കുന്നത്തുർപാടി തിരുവപ്പന മഹോത്സവം നാളെ നടക്കും. നാളെ രാവിലെ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തില്ലത്ത് സു ബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭക്തിസേവ എന്നിവ നടക്കും. കോമരം പാടിയിൽ പ്രവേശിച്ച ശേഷം ശുദ്ധി, 25 കലശ പൂജ എന്നിവ നടക്കും. നാളെ രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലു ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയമുത്തപ്പൻ, പുറംകാലമുത്തപ്പൻ, നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റുദിവസങ്ങളിൽ വൈകിട്ട് ഊട്ടുംവെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും.
ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതിയും കെട്ടിയാടും. ഉത്സവകാലത്ത് ഭക്തർക്ക് എല്ലാസമയവും പാടിയിൽ പ്രവേശിക്കാം. ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കുളത്ത് വെച്ച് അന്നദാനം ഉണ്ടായിരിക്കും. പുല്ലായിക്കൊടി തറവാട്ടിലെ പുല്ലായിക്കൊടി നാരായണൻ പുതിയ ചന്തനായി ചുമതലയേൽക്കും. പുർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും ഉത്സവം നടത്തുകയെന്ന് ദേവസ്ഥാനം ഭാരവാഹികളായ എസ്.കെ കുഞ്ഞിരാമൻ നായനാർ, എസ്.കെ സുധാകരൻ, പി.കെ മധു എന്നിവർ അറിയിച്ചു.