തിരുവനന്തപുരം :- സ്‌കൂൾ വാഹനങ്ങളുടെ അപകടങ്ങളേറുമ്പോഴും ഫിറ്റ്നസിൽ ഇളവുമായി സർക്കാർ. തകരാറുള്ള വാഹനങ്ങൾ കണ്ടെത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രഖ്യാപിച്ച പ്രത്യേക പരിശോധന നിർത്തിവെച്ചു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടിയത്. നിലവിൽ തീർന്നതും അടുത്തമാസങ്ങളിൽ അവസാനിക്കുന്നതുമായ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഏപ്രിൽ വരെ ദീർഘിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്ക് സാങ്കേതികപ്പിഴവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡിസംബർ ആദ്യവാരം ട്രാൻസ്പോർട്ട് കമ്മിഷണർ പ്രഖ്യാപിച്ച മിന്നൽ പരിശോധനയാണ് മരവിപ്പിച്ചത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ സ്കൂൾ വാഹനങ്ങൾ ചെറുതും വലുതുമായ 12 അപകടങ്ങളിലാണ് പെട്ടത്. മരത്തിൽ ഇടിച്ചതും യാത്രയ്ക്കിടെ തീപിടിച്ചതും പാടത്തേക്കു മറിഞ്ഞതുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വാഹനങ്ങളുടെ സാങ്കേതിക പിഴവാണ് കാരണം. ഫിറ്റ്നസ് കാലാവധി തീർന്നതും സാങ്കേതിക പിഴവുള്ളതുമായ ഒട്ടേറെ സ്കൂൾ വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ തീരുമാനിച്ച പരിശോധനയാണ് അട്ടിമറിക്കപ്പെട്ടത്. അധ്യയന കാലയളവിൽ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിൻ്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കാലാവധി നീട്ടിയതെന്നാണ് സർക്കാരിൻ്റെ വിശദീകരണം.