തിരുവനന്തപുരം :- 2036 ആകുമ്പോഴേക്കും കേരളത്തിലെ നഗരജനസംഖ്യ 73.4 ശതമാനമായി ഉയരുമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച അർബൻ പോളിസി കമ്മിഷൻ്റെ റിപ്പോർട്ട്. ഓസ്ട്രിയയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റത്തിൻ്റെ അനാലിസിസ് മോഡൽ ഉപയോഗിച്ചു നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
എന്നാൽ, ഇത് കേന്ദ്രസർക്കാരിൻ്റെ സെൻസസ് കമ്മിഷണറേറ്റിലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച പ്രതീക്ഷിത കണക്കുമായി യോജിക്കുന്നതല്ല. ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ 2021-ൽ കേരളത്തിലെ നഗര ജനസംഖ്യ 88 ശതമാനമാകണമെന്നാണ് രജിസ്ട്രാർ ജനറൽ മുന്നോട്ടുവെക്കുന്ന കണക്ക്. 2011- നുശേഷം ഇന്ത്യയിൽ സെൻസസ് നടക്കാത്തതിനാൽ ഈ കണക്ക് ആധികാരികമാണെന്നു പറയാനാവില്ല.
ജനസംഖ്യാനുപാതം അടിസ്ഥാനമാക്കി നഗര -ഗ്രാമ ജനസംഖ്യ കണക്കാക്കുന്ന രീതി അശാസ്ത്രീയമാണെന്ന് അർബൻ പോളിസി കമ്മിഷൻ വിലയിരുത്തുന്നു. കമ്മിഷൻ്റെ കണ്ടെത്തലനുസരിച്ച് 2021-ലെ നഗരജനസംഖ്യ 60.9 ശതമാനമാണ്. അതിനാൽ അർബൻ പോളിസി കമ്മിഷന്റെ ശാസ്ത്രീയനിഗമനത്തെ സംസ്ഥാന സർക്കാർ തത്കാലം മുഖവിലയെടുക്കും. ഡിസംബർ 18-നാണ് കമ്മിഷൻ സംസ്ഥാ നസർക്കാരിന് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. സമ്പൂർണ റിപ്പോർട്ട് മാർച്ചിൽ സമർപ്പിക്കും. ഗ്രാമീണ ജനസംഖ്യ സംസ്ഥാനത്ത് വൻ തോതിൽ കുറയുമ്പോൾ നഗരജനസംഖ്യ വർധിക്കുകയാണെന്ന് കമ്മിഷൻ റിപ്പോർട്ട് കണ്ടെത്തി.
കേരളത്തിൽ ഗ്രാമ-നഗര അന്തരവും കുറയുകയാണ്. 2001-ലെ സെൻസസിൽ കേരളത്തിലെ നഗരജനസംഖ്യ 25.96 ശതമാനമായിരുന്നു. 2011-ൽ ഇത് 47.72 ശതമാനമായി. 1.8 ശതമാനം എന്ന തോതിലാണ് ഈ വർധന. ഇതേ തോത് കണക്കാക്കിയാണ് 2021-ൽ 88 ശതമാനത്തിലേക്കുയരുമെന്ന് കേന്ദ്രം ഊഹിച്ചത്.
കമ്മിഷൻ റിപ്പോർട്ടനുസരിച്ച് 2011-ൽ കേരളത്തിലെ ഗ്രാമജനസംഖ്യയിലാണ് വർധന. എന്നാൽ, 2016 മുതലിങ്ങോട്ട് ഓരോ വർഷവും നഗരജനസംഖ്യ കൂടുകയും ഗ്രാമജനസംഖ്യ കുറയുകയുമാണ്. 2011-ൽ ഗ്രാമജനസംഖ്യ 1.74 കോ ടിയായിരുന്നു. നഗരജനസംഖ്യ 1.59 കോടിയും. 2021-ൽ ഗ്രാമ ജനസംഖ്യ 1.41കോടിയും നഗര ജനസംഖ്യ 2.18 കോടിയുമാണ്. 2036-ൽ ഗ്രാമ ജനസംഖ്യ 99 ലക്ഷവും നഗര ജനസംഖ്യ 2.73 കോടിയുമാകുമെന്നാണ് കണക്കാക്കുന്നത്.