റീല്‍സിന്‍റെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തി ; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം


വാഷിംഗ്‌ടണ്‍ :- പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. റീല്‍സിന്‍റെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തിയതാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നു. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. 

മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. യുഎസില്‍ ടിക്‌ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് റീല്‍സ് വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് എന്നാണ് മോസ്സെരിയുടെ വാക്കുകള്‍. എന്നാല്‍ അപ്പോഴും ടിക്‌ടോക്കിന് ഭീഷണിയുയര്‍ത്താന്‍ ഇന്‍സ്റ്റഗ്രാമിനാവില്ല. 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ ടിക്‌ടോക് അനുവദിക്കുന്നുണ്ട്.

Previous Post Next Post