നടുവിൽ :- മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ വർധിക്കുന്നു. പാലക്കയം തട്ട്, ഏഴരക്കുണ്ട്. പൈതൽമല എന്നിവിടങ്ങളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മാലിന്യം തള്ളുന്നത്. ഉദയഗിരി, ആലക്കോട്, നടുവിൽ, ഏരുവേശി പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധനയോ ശ്രദ്ധയോ ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടാകുന്നില്ല.
വിനോദസഞ്ചാരികൾ മടങ്ങിയാൽ വിജനമാകുന്ന പ്രദേശങ്ങളാണിത്. അതിനാൽ തുറന്ന സ്ഥലങ്ങളിലേക്ക് മാലിന്യം തള്ളുന്നതായാണ് ആക്ഷേപം. പാലക്കയത്ത് മലമുകളിൽ മാത്രം അഞ്ച് റിസോർട്ടുകളുണ്ട്. പൈതൽമലയിൽ കുടിയാന്മലയ്ക്കും പൈതൽമലയ്ക്കും ഇടയിൽ 25-ഓളം റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, കരാമരം തട്ട്, മഞ്ഞ പുല്ല് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങളുണ്ട്. അലുമിനിയം ഫോയിലുകൾ പുതിയ വില്ലൻ ഭക്ഷണം പൊതിഞ്ഞുകൊണ്ടു വരുന്ന അലുമിനിയം ഫോയിലുകളാണ് വലിച്ചെറിയുന്ന മാലിന്യത്തിൽ പ്രധാന വില്ലൻ. നിയന്ത്രണം കർശനമായതിനാൽ, പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്.
മദ്യത്തിന്റെയും കുടിവെള്ളത്തിൻ്റെയും കുപ്പികളുടെ എണ്ണവും വർധിക്കുകയാണ്. തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നരീതിയാണ് മിക്ക സ്ഥാപനങ്ങളും സ്വീകരിക്കുന്നത്. പൈതൽമല വനത്തിലേക്ക് പോകുന്ന സഞ്ചാരികളെ കർശന പരിശോധന നടത്തിയാണ് വനംവകുപ്പ് അധികൃതർ കടത്തിവിടുന്നത്. വനത്തിനുള്ളിലും പുൽമേട്ടിലും പ്ലാസ്റ്റിക്കും ഫോയിലുകളുംകടത്തിവിടുന്നില്ല.
ഒരാഴ്ചയ്ക്കിടയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് നടപടികൾ കർശനമാക്കി. പൈതൽമലയിലെ യും പാലക്കയത്തെയും പ്രധാനപ്പെട്ട രണ്ട് റിസോർട്ടുകൾക്ക് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 30,000 രൂപ പിഴയിടുകയും ചെയ്തു. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റിസോർട്ടുകളും താമസ സ്ഥലങ്ങളും വൻതോതിൽ മാലിന്യം തള്ളുന്നതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.