ചുട്ടുപൊള്ളി കണ്ണൂർ ; സംസ്ഥാനത്ത് പകൽ താപനില കൂടുന്നു


കണ്ണൂർ :- മഴ മാറിയതോടെ സംസ്ഥാനത്ത് പകൽ താപനില കൂടുന്നു. ഉത്തരകേരളത്തിലാണ് ചൂടിൽ വലിയ വർധന. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ കണക്കുപ്രകാരം പുതിയ വർഷം തുടങ്ങി 21 ദിവസങ്ങളിൽ 16 ദിവസവും രാജ്യത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 37.5 ഡിഗ്രി സെൽഷ്യസാണ് ഇതിൽ ഏറ്റവും ഉയർന്ന താപനില. 

സാധാരണ ഫെബ്രുവരി അവസാനത്തോടെയാണ് പകൽതാപനില 37 ഡിഗ്രി കടക്കാറ്. ജനുവരി 16-നായിരുന്നു കണ്ണൂരിൽ ആദ്യമായി 37 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. അതിനുശേഷം 17-ന് 36.6 ഡിഗ്രിയിലേക്ക് കുറഞ്ഞെങ്കിലും ആ സമയത്തും രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂരിൽ തന്നെയായിരുന്നു. ഇതിനുശേഷം 20-0 37.2, 21-) 37.5 എന്നിങ്ങനെ പകൽ താപനില കൂടി.

വരും ദിവസങ്ങളിലും സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങുന്നതും ചൂട് കൂടാൻ കാരണമാകും.

Previous Post Next Post