തിരുവനന്തപുരം :- സ്കൂൾ കലോത്സവങ്ങളുടെ ഘടന ഏകോപിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവ മാന്വൽ വീണ്ടും പരിഷ്കരിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള മത്സര വിധികർത്താക്കളുടെ യോഗ്യത സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ മാന്വലിൽ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്. കൂടുതൽ പാരമ്പര്യ കലകൾ അടുത്ത വർഷത്തെ കലോത്സവത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്കുള്ള ഒറ്റത്തവണ സ്കോളർഷിപ് അടുത്ത വർഷം മുതൽ1000 രൂപയിൽ നിന്ന് 1500 രൂപയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തവണ സ്കൂൾതലം മുതലുള്ള മത്സരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പരാതികൾകൂടി പരിഗണിച്ചാവും പരിഷ്കരണം. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം ചെലവാകുന്നുണ്ട്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രയാസമാണ്. ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കാനാകുമെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്- മന്ത്രി പറഞ്ഞു.
മികച്ച രീതിയിൽ സംഘടിപ്പിച്ച ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകം, മിമിക്രി മത്സരങ്ങളിൽ ആ മേഖലയിലെ വിദഗ്‌ധരെ ഒഴിവാക്കി സിനിമ സംവിധായകരെ വിധികർത്താക്കളാക്കിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഭരണകക്ഷിയുമായി ഇവർക്കുള്ള ബന്ധം പരിഗണിച്ചാണെന്ന ആരോപണവും ഉയർന്നു. വിധികർത്താക്കളുടെ യോഗ്യത സംബന്ധിച്ച് മാന്വലിൽ വ്യക്തതയില്ലാത്തതാണ് ഇത്തരം ഇടപെടലുകൾക്കു കാരണമായതെന്ന വിമർശനത്തിന്റെ കുടി അടിസ്‌ഥാനത്തിലാണ് നടപടിക്ക് നിർദേശം.