കണ്ണൂർ :- തീവണ്ടി യാത്രക്കാരുടെ സീസൺ ടിക്കറ്റിലെ അച്ചടി വേഗത്തിൽ മായുന്നു. ഒരുമാസം മുതൽ ഒരുവർഷം വരെ കാലയളവിലേക്ക് എടുക്കുന്ന സീസൺ ടിക്കറ്റുകളിലെ അച്ചടി പരമാവധി രണ്ടാഴ്ച മാത്രമേ വായിക്കാൻ പറ്റുന്നുള്ളൂ. തെളിയാത്ത ടിക്കറ്റുമായുള്ള യാത്ര യാത്രക്കാർക്കും ടിക്കറ്റ് പരിശോധകർക്കും ഒരു പോലെ വിനയായി. റെയിൽവേ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിലെ പ്രിന്ററിനും ഇതേ അവസ്ഥയാണ്.
റെയിൽവേ സ്റ്റേഷനുകളിൽ -റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ പ്രിന്റ് ചെയ്യാൻ തെർമൽ പ്രിൻ്റ റുകൾ വന്നതോടെയാണ് ഈ പ്രതിസന്ധി . നേരത്തേ ഡോട്ട് മാട്രിക്സ് ടിക്കറ്റ് പ്രിൻ്റിങ് മെഷീനുകളായിരുന്നു ഉപയോഗിച്ചത്. ഇതിൽ ഒരു ടിക്കറ്റ് പ്രിൻ്റ് ചെയ്യാൻ ഏകദേശം 20 സെക്കൻഡ് എടുക്കും. തെർമൽ പ്രിന്റുകൾക്ക് മൂന്ന് സെക്കൻഡ് മതി. സമയം ലാഭിക്കാമെന്നതിനാലാണ് ഭൂരിഭാഗം സ്റ്റേഷനുകളിലും തെർമൽ പ്രിന്റിങ് മെഷീനിലേക്ക് മാറിയത്. തെർമൽ ടിക്കറ്റിലെ കട്ടിയിൽ അച്ചടിച്ച ഹാപ്പി ജേർണി എന്നതും നമ്പറും മാത്രമാണ് മായാത്തത്. ടിക്കറ്റെടുത്ത ദിവസം, കാലാവധി, ക്യു.ആർ കോഡ് സംവിധാനം ഉൾപ്പെടെ മാഞ്ഞു പോകുന്നു.
സീസൺ പുതുക്കുന്ന കൗണ്ടറിലും ഇതേ പ്രശ്നമുണ്ട്. സീസൺ പുതുക്കാൻ കൊമേഴ്സ്യൽ ക്ലാർക്കിന് യാത്രക്കാരന്റെ തിരിച്ചറിയൽ (ഐ.ഡി) നമ്പർ വേണം. തിരിച്ചറിയൽ കാർഡിലും ടിക്കറ്റിലും ഈ നമ്പറുണ്ടാകും. എന്നാൽ നമ്പറടക്കം മാഞ്ഞു പോകുന്നതിനാൽ പുതുതായി സീസൺ ടിക്കറ്റും തിരിച്ചറിയൽ കാർഡുമുണ്ടാക്കണം. സീസൺ പുതുക്കുന്ന തീയതി ഉൾപ്പെടെ മറക്കാതിരിക്കാൻ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കുമ്പോൾത്തന്നെ യാത്രക്കാർ ഫോട്ടോ എടുത്തുവെക്കണമെന്നാണ് റെയിൽവേ പറയുന്നത്.