കണ്ണൂർ :- റെയിൽവേ സ്റ്റേഷനിൽ ഉയർന്ന ക്ലാസ് യാത്രക്കാർക്കായുള്ള വിശ്രമമുറിയിലെ ശുചിമുറി അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് മാസങ്ങൾ. പുലർച്ചെയും രാവിലെയുമായി കണ്ണൂരിൽ ട്രെയിൻ ഇറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാരാണ് വിശ്രമമുറിയിലെത്തി ശുചിമുറി സൗകര്യമില്ലാത്തതിനാൽ നിരാശയോടെ മടങ്ങുന്നത്.
അർധരാത്രിക്കു ശേഷം ചെറിയ ഇടവേളകളിൽ ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പോകേണ്ട ഇവരിൽ പലർക്കും പുലരുമ്പോൾ മാത്രമേ നാടുകളിലേക്ക് ബസ് ലഭിക്കൂ. സുരക്ഷിതമായ കാത്തിരിപ്പിന് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികളെയാണ് ഇവർ ആശ്രയിക്കുന്നത്. ദീർഘയാത്ര കഴിഞ്ഞ് എത്തിയതിനാൽ ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യംകൂടി പ്രതീക്ഷിച്ച് വിശ്രമ മുറിയിൽ എത്തുന്നവരാണ് നിരാശപ്പെടേണ്ടിവരുന്നത്. ശുചിമുറിയിലേക്കുള്ള വഴിയിൽ സിമന്റും പൈപ്പും ടൈൽസുമെല്ലാം ചാരിവച്ച നിലയിലാണ്. മൂന്നു മാസത്തോളമായിട്ടും പണി പൂർത്തിയാക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് സ്ഥിരം യാത്രക്കാർ പങ്കുവയ്ക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ സാനിറ്ററി പാഡുകളും ഡയപ്പറുകളും ഉൾപ്പെടെ ചില യാത്രക്കാർ തള്ളുന്നതാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നതിന്റെ കാരണമെന്ന് റെയിൽവേ. ഇത്തരം വസ്തുക്കൾ കാരണം പൈപ്പ് അടഞ്ഞാൽ തുറക്കുക എളുപ്പമല്ല. പലപ്പോഴും ടൈൽസ് ഉൾപ്പെടെ നീക്കി പൈപ്പ് മാറ്റേണ്ടി വരാറുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ശുചിമുറികൾ നശിപ്പിക്കാതെ യാത്രക്കാർ സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.