ഗോപന്‍സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ; പോലീസിന് കല്ലറ തുറക്കാന്‍ അധികാരമുണ്ടെന്നും കോടതി



കൊച്ചി :- നെയ്യാറ്റിൻകരയിൽ വീട്ടുകാർ സമാധി ഇരുത്തിയെന്ന് അവകശപ്പെടുന്ന ഗോപൻസ്വാമിയുടെ മരണസർട്ടിഫിക്കറ്റെവിടെ എന്ന് ഹൈക്കോടതി. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കാമെന്ന് വ്യക്തമാക്കിയ കോടതി കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും അതിന് പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി തള്ളി. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ അനുവദിക്കണമെന്നും വിശ്വാസത്തെ വ്രണപ്പെടുത്താനാണ് പൊലീസ് നീക്കമെന്നും ഗോപൻസ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു. ഹർജി കോടതി അടുത്തയാഴ്ച പരിഗണിക്കും.

കോടതിയുടെ ചോദ്യം  : മരണ സർട്ടിഫിക്കറ്റ് എവിടെ ? 

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തുന്നത്. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. 

ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിയിൽ മറുപടി നൽകാൻ സര്‍ക്കാരിന് നോട്ടീസ് നൽകി. ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹർജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

Previous Post Next Post