ഇരിട്ടി :- ഇന്ന് മുതൽ പഴശ്ശി കനാൽ വഴി വെള്ളമൊഴുക്കും. കനാലുകൾ തുറക്കുന്നതോടെ മെയിൻ കനാൽ വഴിയും ബ്രാഞ്ച് കനാലുകൾ വഴിയും വെള്ളമെത്തും. പദ്ധതിയിൽ നിന്ന് 42.5 കിലോമീറ്ററിൽ മെയിൻ കനാൽ പറശ്ശിനിക്കടവ് നീർപ്പാലം വരെയും 23 കിലോമീറ്റർ മാഹി ബ്രാഞ്ച് കനാൽ എലാങ്കോട് വരെയുമാണ് ആദ്യം വെള്ളമെത്തുക. തുടർന്ന് കൈക്കനാലുകളിലൂടെയും വെള്ളമെത്തും. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി കനാൽവഴി വെള്ളമൊഴുക്കി പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയകരമായതോടെയാണ് തിങ്കളാഴ്ച മുതൽ വെള്ളം ഒഴുക്കിവിടുന്നത്.
കനാലിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കുക. 15 വർഷത്തിനു ശേഷമാണ് ജനുവരി ആദ്യം വാരംതന്നെ കനാൽ വഴി വെള്ളമൊഴുക്കുന്നത്. നേരത്തേ ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവാരവുമൊക്കെയായിരുന്നു കനാൽ തുറന്നിരുന്നത്. കാലവർഷം മാറി കടുത്ത വേനൽ. ആരംഭിക്കുന്നതിന് മുമ്പുതന്നെ കനാൽ വഴി വെള്ളമെത്തുന്നത് കനാൽവെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകും.
കഴിഞ്ഞ മൂന്ന് ബജറ്റിലും സംസ്ഥാന സർക്കാർ കനാൽ നവീകരണത്തിന് പണം അനുവദിച്ചിരുന്നു. വർഷങ്ങളായി വെള്ളമൊഴുകാത്ത കനാലിന്റെ ഭാഗങ്ങൾ നവീകരിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കുടിവെള്ളത്തിനും കനാൽവഴി വെള്ളം ഒഴുക്കുന്നതിനുമായി ഇക്കുറി പഴശ്ശിയുടെ ഷട്ടർ നവംബറിൽത്തന്നെ അടച്ച് സംഭരണം തുടങ്ങിയിരുന്നു. പദ്ധതിയുടെ സംഭരണശേഷിയായ 26.52 മീറ്റർ പിന്നിട്ടതോടെ പല തവണകളായി സംഭരണിയിലേക്ക് അധികമായി ഒഴുകിയെത്തിയ വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കുകയായിരുന്നു. കനാൽ തുറക്കുന്നതോടെ അധികജലം കനാൽ വഴി ഒഴുക്കിവിടാനാകും.