ജീവനെടുക്കുന്ന നിർമ്മാണം, അപകടവും പതിവാകുന്നു ; റോഡ് നിർമ്മാണത്തിനിടെ പാപ്പിനിശ്ശേരി വേളാപുരത്തുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് മൂന്നുപേർക്ക്


പാപ്പിനിശ്ശേരി :- യാത്രക്കാരുടെ ജീവനെടുക്കുന്ന നിലയിലാണ് ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിലെ റോഡിൻ്റെ അവസ്ഥ. ഇടുങ്ങിയ സർവീസ് റോഡ് വഴി അമിതവേഗത്തിൽ കടന്നുപോകാനുള്ള ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ശ്രമങ്ങൾക്കിടെ അപകടങ്ങളും പെരുകുന്നു. ഇന്നലെ വേളാപുരത്തിന് സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ചേലേരി സ്വദേശിയായ വിദ്യാർഥി പി.ആകാശ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. ഇവിടെ കഴിഞ്ഞ 6 മാസത്തിനിടെ ഒട്ടേറെ പേരാണ് വാഹനാപകടത്തിൽപെട്ട് പരിക്കേറ്റു ചികിത്സയിൽ കഴിയുന്നത്. മുൻപ് ഇതേ സ്ഥലത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരായ 2 പേരാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ബൈക്ക് കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു പൂവമ്പലം സ്വദേശിയുടെ കാൽവിരൽ അറ്റു പോയി. നിർമാണ സ്ഥലങ്ങളിൽ നിന്നും സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടുന്ന മിക്കയിടങ്ങളിലും അപകടങ്ങൾ പതിവാണ്.

ഇവിടെ സ്‌ഥാപിക്കുന്ന സൂചനാ ബോർഡുകളും അലക്ഷ്യമായ നിലയിലാണുള്ളത്. തകർന്നതും ഇടുങ്ങിയതുമായ റോഡിലൂടെ വാഹനങ്ങൾ അപകടകരമായാണു മറികടക്കാൻ ശ്രമിക്കുന്നത്. റോഡരികിൽ ഇരുഭാഗത്തും കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിക്കുന്നതും അപകടകാരണമാകുന്നതായി പരാതിയുണ്ട്. മിക്കയിടത്തും ഇത്തരം ബാരിക്കേഡുകൾ അശ്രദ്ധമായാണ് സ്ഥാപിച്ചിരിക്കുന്നത്. സർവീസ് റോഡ് പൂർണമായും തകർന്നു കുഴികളായിട്ടും ടാറിങ് നടത്തിയിട്ടില്ല. നിലവിലെ നിർമാണം പൂർത്തിയായാൽ മാത്രമേ സർ വീസ് റോഡ് നന്നാക്കുവെന്ന നിലപാടിലാണ് ദേശീയപാത അധികൃതർ. കീച്ചേരിക്കും വേളാപുരത്തിനും ഇടയിൽ സർ വീസ് റോഡിൽ ഒട്ടേറെ സ്‌ഥലങ്ങളിൽ ഓവുചാലിനു മുകളിൽ പാകിയ കോൺക്രീറ്റ് സ്ലാബ് തകർന്നനിലയിലാണ്. യാത്രക്കാർക്ക് തടസ്സവും അപകടവും ഉണ്ടാകാതെ സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന സുരക്ഷാ നിർദേശം പോലും ദേശീയപാത നിർമാണ സ്ഥലങ്ങളിൽ പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി

Previous Post Next Post