പള്ളിക്കുന്ന് :- കണ്ണൂർ സെൻട്രൽ ജയിൽ മതിലിന് ഇനി മുല്ലപ്പൂ സുഗന്ധമാകും. ജയിൽമുറ്റത്ത് നട്ട 400 ചെടികളിൽ മുല്ലപ്പൂമൊട്ടുകൾ വിരിഞ്ഞുതുടങ്ങി. ഒന്നു മുതൽ 10 വരെയുള്ള ബ്ലോക്കും ഒരു പുതിയ ബ്ലോക്കുമാണ് നിലവിൽ ജയിലിലുള്ളത്. ഓരോ ബ്ലോക്കിനും ഇനി പൂക്കളുടെ പേര് നൽകും. ബ്ലോക്കിനുചുറ്റും അതത് പൂച്ചെടികളും നട്ടുവളർത്തും. മുല്ല, റോസ്, ചെത്തി, ചെമ്പരത്തി, തുളസി തുടങ്ങിയ ചെടികളാണ് നടുക. അതിനായി കൃഷിവകുപ്പിൻ്റെയും ഏജൻസികളുടെയും സഹായം തേടും.
ജയിലിനുമുന്നിൽ ദേശീയപാതയോട് ചേർന്നുള്ള വലിയ കുളംകോഴിക്കോട് മാനാഞ്ചിറ മാതൃകയിൽ നവീകരിക്കും. അവിടെ പൊതുജനങ്ങൾക്കും പ്രവേശനം നൽകും. ജയിലിനകത്തെ വർഷങ്ങൾ പഴക്കമുള്ള മരത്തിൻ്റെ തോൽ, പൊട്ടിവീണ കൊമ്പുകൾ എന്നിവ ഉപഹാരങ്ങളായി മാറും. ഇതിനകം 300 എണ്ണം നിർമിച്ചു. ജയിലിനകത്ത് ഫ്രീഡം റേഡിയോ ആരംഭിക്കും. 1869 പണിത ജയിലിൽ ആ കാലഘട്ടത്തിൽ ഉപയോഗിച്ചവ അതേ കെട്ടിടത്തിൽ കാണാവുന്ന രീതിയിൽ മ്യൂസിയം ഒരുക്കും. വലതുഭാഗത്തുള്ള കെട്ടിടത്തിലാ ണ് മ്യൂസിയം ഒരുക്കുന്നത്. ആ കാലഘട്ടത്തിൽ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഉപയോഗിച്ച വേഷം, പാത്രങ്ങൾ, വിളക്കുകൾ എന്നിവ പ്രദർശിപ്പിക്കും. നാശോന്മുഖമായ ചരിത്രരേഖകൾ സംരക്ഷിച്ച് പ്രദർശിപ്പിക്കും. സംസ്ഥാനത്ത് അവസാനമായി നടപ്പാക്കിയ വധശിക്ഷയ്ക്ക്, റിപ്പർ ചന്ദ്രനെ തോക്കിലേറ്റാൻ ഉപയോഗിച്ച കയർ ഉൾപ്പെടെയുള്ളവ മ്യൂസിയത്തിലുണ്ടാകും.
സെൻട്രൽ ജയിലിൽ ജലസേ ചനത്തിനായി ബ്രട്ടീഷുകാരുണ്ടാക്കിയ കൂറ്റൻ കൽക്കരി മോട്ടോർ ജയിൽ കവാടത്തിന് സമീപം പ്രദർശിപ്പിക്കും. കണ്ണൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ സഹായത്തോടെയാണ് അത് പുനരാവിഷ്ക്കരിക്കുക. അന്തേവാസികളുടെ മാനസിക പരിവർത്തനമെന്ന ആത്യന്തിക ലക്ഷ്യത്തിനായി അനുകൂല സാഹചര്യമൊരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ.