ബെംഗളൂരു :- മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരളയാത്ര നടത്തിയ ബസിന് പുതുവത്സരദിനമായ ബുധനാഴ്ച പുതിയയാത്ര. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാ ണ് കെ.എസ്.ആർ.ടി.സിയുടെ ഗരുഡ പ്രീമിയം സർവീസായി യാത്ര നടത്തുന്നത്. രാവിലെ 8.25-ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട ബസ് വൈകീട്ട് 4.25-ന് ബെംഗളൂരുവിലെത്തും. രാത്രി 10.25-ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.20-ന് കോഴിക്കോട്ടെത്തും. പുതുവത്സര ദിനത്തിലെ കോഴിക്കോട്ടു നിന്നുള്ള ആദ്യ സർവീസിന് മുഴുവൻ സീറ്റിലും ബുക്കിങ്ങായി. പക്ഷേ, ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള മടക്കയാത്രയ്ക്ക് ചൊവ്വാഴ്ച വൈകുന്നേരമായിട്ടും മുക്കാൽ ഭാഗംസീറ്റും ഒഴിഞ്ഞു കിടക്കുകയാണ്.
താമരശ്ശേരി, കല്പറ്റ, സുൽ ത്താൻബത്തേരി, മൈസൂരു വഴിയാണ് ബെംഗളൂരുവിലെത്തുക. മടക്കയാത്രയും ഇതേ റൂട്ടിലാണ്. ബെംഗളൂരുവിൽ നിന്നും രാത്രി കോഴിക്കോട്ടേക്കുള്ള യാത്രയിൽ ബന്ദിപ്പൂർ യാത്രാനിരോധനം മറികടക്കാനുള്ള പെർമിറ്റ് ബസിനുള്ളത് യാത്രക്കാർക്ക് ആശ്വാസകരമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകഴിഞ്ഞ് ബസ് കെ.എസ്.ആർ.ടി.സി കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ മേയ് അഞ്ചുമുതൽ സർവീസ് ആരംഭിച്ചിരുന്നെങ്കിലും വിജയിച്ചില്ല.