മയ്യിൽ :- പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും, ലാപ്ടോപ്, മൊബൈൽഫോൺ മുതൽ ഗൃഹോപകരണങ്ങൾ വരെയുള്ള സാധനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ ഇതുവരെയായി ലഭിച്ചത് 250 ലേറെ പരാതികൾ. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ നിന്നായി ഏകദേശം ആയിരത്തിലധികം പേർ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം.
കേസിൽ വളപട്ടണം സ്‌റ്റേഷൻ പരിധിയിലും കുടുതൽ പേർ പരാതിയുമായി രംഗത്ത്. സ്ത്രീ ശാക്തീകരണത്തിന് സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരം പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ചാണ് ബാക്കി തുക കണ്ടെത്തുന്നത് എന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഇത് വിശ്വസിച്ച് ഒട്ടേറെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇതിൽ ചേരുകയും ചെയ്‌തു. ആളുകൾ അപേക്ഷയോടൊപ്പം അടച്ച തുക ഉപയോഗിച്ച് കുറച്ചു പേർക്ക് ഇത്തരത്തിൽ വാഹനങ്ങൾ നൽകി ആളുകളെ വിശ്വാസത്തിലെടുത്തിരുന്നു.
ഇതു കൂടാതെ ലാപ്ടോപ്, തയ്യൽ മെഷീൻ, ജല സംഭരണി പോലുള്ള സാധനങ്ങളും വിതരണം ചെയ്തു. അപേക്ഷയോടൊപ്പം പകുതി വില നൽകിയാൽ 3 മാസത്തിനകം വാഹനം ലഭ്യമാകുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് പലരും 50,000 മുതൽ 70,000 രൂപ വരെ അടച്ചു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെയാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്. സീഡ് സൊസൈറ്റിയുടെ പ്രമോട്ടർ എന്ന പേരിലാണ് അപേക്ഷകർ സമീപിച്ചത്. തട്ടിപ്പിന് ചുക്കാൻ പിടിച്ചു എന്ന് കരുതുന്ന ഒരാളെ കഴിഞ്ഞ ദിവസം മുവാറ്റു പുഴയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം നാൽപതിലേറെ പരാതിക്കാർ വളപട്ടണം സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയിരുന്നു. പരാതികളിൽ പോലീസ് കേസെടുത്തിട്ടില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ഒട്ടേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.