കേരള ബജറ്റ് ; സ്കൂൾ ​ഗണിതപഠനം മെച്ചപ്പെടുത്താൽ മഞ്ചാടി പദ്ധതിക്ക് 2.8 കോടി ; ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി


തിരുവനന്തപുരം :- സ്കൂൾ ​ഗണിതപഠനം കൂടുതൽ മെച്ചപ്പെടുത്താനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ മഞ്ചാടി പദ്ധതിക്കായി ബജറ്റിൽ 2.8 കോടി വകയിരുത്തി. 14 ജില്ലകളിലെ 1400 സ്കൂളുകളിലെ 2100 ക്ലാസ്മുറികളിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. 

അതുപോലെ തന്നെ ന്യൂനപക്ഷവിഭാ​ഗങ്ങളിലെ 1 മുതൽ 8 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറിയിട്ടുണ്ട്. ഈ കുട്ടികൾക്ക് തുടർന്നും സ്കോളർഷിപ്പ് നൽകാൻ സർക്കാർ ആരംഭിച്ച മാർ​ഗദീപം പദ്ധതിക്കായി 20 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. കേന്ദ്ര ​ഗവൺമെന്റ് നിർത്തലാക്കിയ മൗലാന ആസാദ് ദേശീയ റിസർച്ച് ഫെല്ലോഷിപ്പിന് പകരം സംസ്ഥാന സർക്കാർ ആരംഭിച്ച ഫെല്ലോഷിപ്പ് പദ്ധതിക്കായി 6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  

ഉച്ചഭക്ഷണ പദ്ധതിക്കായി 402.14 കോടി രൂപ

കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്ന ഉച്ചഭക്ഷണ പദ്ധതിക്കായി 402.14 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ കേന്ദ്രവിഹിതത്തിന് ആനുപാതികമായിട്ടുള്ള സംസ്ഥാന വിഹിതമായി 150 കോടി രൂപയും പാൽ മുട്ട ഉൾപ്പെടെയുള്ള അധിക ചെലവുകൾക്കായി 252.14 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. 

Previous Post Next Post