പാതിവില തട്ടിപ്പ് ; 300 കേസുകൾ കൂടി ക്രൈംബ്രാഞ്ചിന് കൈമാറും, തട്ടിയെടുത്ത പണം കണ്ടെത്താൻ അന്വേഷണം


തിരുവനന്തപുരം :- ആയിരം കോടി രൂപയുടെ പാതിവിലത്തട്ടിപ്പിൽ ഇതുവരെ സംസ്ഥാനത്തു റജിസ്‌റ്റർ ചെയ്തത് 690 കേസുകൾ. ഇതിൽ 375 എണ്ണമാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇന്ന് 300 കേസുകൾ കൂടി ക്രൈംബ്രാഞ്ചിനു കൈമാറും. രണ്ടാം പ്രതിയായ സായ്ഗ്രാം ഗ്ലോബൽ ട്രസ്‌റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. 18 ലേക്കു മാറ്റി. പോലീസ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനാലാണ് കേസ് മാറ്റിയത്.

പ്രതി അനന്തു കൃഷ്ണനും കൂട്ടാളികളും തട്ടിയെടുത്ത പണം എങ്ങോട്ടു മാറ്റിയെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശ്രമം തുടങ്ങി. എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതി യുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നീക്കം തുടങ്ങിയതോടെയാണു ക്രൈംബ്രാഞ്ചും ഇതേ ദിശയിൽ അന്വേഷണമാരംഭിച്ചത്. റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങൾക്കു പുറമേ വിശ്വസ്തരായ പലരുടെയും അക്കൗണ്ടുകളിലേക്കും പണം മാറ്റിയിട്ടുണ്ട്. സംഭാവന വാങ്ങിയവരുടെ പേരും കൈപ്പറ്റിയ തുകയും സംബന്ധിക്കുന്ന വിവരം മാത്രമാണ് അനന്തു കൃഷ്‌ണൻ അന്വേഷണസംഘത്തിനു കൈമാറിയത്.

അതിനിടെ, അനന്തു കൃഷ്ണൻ്റെ സ്‌ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്താൻ മൂവാറ്റുപുഴ മജിസ്ട്രേട്ട് കോടതി ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിന് അനുമതി നൽകി. പൊന്നുരുന്നി നാഷനൽ എൻജിഒ കോൺഫെഡറേഷൻ ഓഫിസ്, കലൂരിലെ വില്ല, പനമ്പിള്ളി നഗറിലെ സോഷ്യൽ ബീ വെഞ്ചേഴ്സ്, മറൈൻ ഡ്രൈവിലെ അശോക ഫ്ലാറ്റ്, കളമശേരിയിലെ പ്രഫഷനൽ സർവീസ് ഇന്നവേഷൻ എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ച് പ്രാഥമിക പരിശോധന തുടങ്ങി.

Previous Post Next Post