ധർമടം :- തിറയുത്സവത്തിന് തുടക്കംകുറിച്ച് അണ്ടലൂർ ക്ഷേത്ര ത്തിൽ ഇന്നലെ രാവിലെ തേങ്ങതാക്കൽ ചടങ്ങ് നടത്തി. അച്ചന്മാരുടെയും മൂത്തകോമരത്തിന്റെയും സാന്നിധ്യത്തിലാണു വ്രതനിഷ്ഠരായ വില്ലാളികൾ തേങ്ങ താഴ്ത്തി ക്ഷേത്രത്തിലെത്തിച്ചത്. രാമായണ കഥയെ ആസ്പദമാക്കി കെട്ടിയാട്ടം നടക്കുന്ന തിറയുത്സവത്തോടനുബന്ധിച്ച് ധർമടം ഗ്രാമമാകെ വ്രതശുദ്ധിയിലായി. ഇനി ഒരാഴ്ചക്കാലം മേലൂർ, പാലയാട്, അണ്ടലൂർ, ധർമടം ദേശവാസികൾ സസ്യാഹാരമാണ് കഴിക്കുക.
ഉത്സവച്ചടങ്ങുകളുടെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ചക്ക കൊത്ത് നടക്കും. രാവിലെ വെള്ളൂരില്ലത്ത് തന്ത്രിയുടെ കാർമികത്വത്തിൽ താന്ത്രിക കർമങ്ങൾ നടക്കും. വൈകിട്ട് ചക്ക താഴ്ത്തൽ. രാത്രി 8ന് പാണ്ട്യഞ്ചേരി പടിക്കൽ പോയി മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടു വരും. ഇതിനുശേഷം കാവിൽ കയറൽ. രാത്രി വൈകി ചക്ക കൊത്തൽ. തുടർന്ന് തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം എന്നിവ നടക്കും. അണ്ടലൂർ കാവിൽ ചക്ക കൊത്തിയതിന് ശേഷമേ ധർമടം ഗ്രാമത്തിലെ 4 ദേശക്കാർ ചക്ക ഭക്ഷിക്കുകയുള്ളു.