വീട് വെക്കാൻ വേണ്ടതെല്ലാം ഒറ്റ കുടക്കീഴിൽ ; വനിത വീട് പ്രദർശനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം


കണ്ണൂർ :- വീടു നിർമിക്കാൻ വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കുന്ന വനിത വീട് പ്രദർശനത്തിന് ഇന്നു തുടക്കം. കണ്ണൂർ പോലീസ് മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി 8 വരെ പ്രദർശനം കാണാം. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. കഫേ കുടുംബശ്രീയുടെ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. കാർ പാർക്കിങ്ങിന് പ്രത്യേക സൗകര്യം. പ്രവേശനം സൗജന്യമാണ്. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കു 2ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് നിർവഹിക്കും.

വീടുനിർമാണം, ഇന്റീരിയർ അലങ്കാരം, ലാൻഡ്സ്കേപ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികളുടെ നൂറോളം സ്‌റ്റാളുകളാണു പ്രദർശനത്തിലുള്ളത്. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സ് (ഐഐഎ) കണ്ണൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യ പ്രായോജകർ. ഡെൻവുഡ് സഹപ്രായോജകരും 'കോർ' റിന്യുവബിൾ എനർജി പാർട്‌നറുമാണ്. 

വീടിന്റെ ഡിസൈൻ, അറ്റകുറ്റപ്പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ആർക്കിടെക്ട് പവിലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിൽ സൗകര്യമുണ്ടാകും. പണം പാഴാക്കാതെ മികച്ച വീടൊരുക്കാൻ വേണ്ട അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകൾ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ടു 4 മുതൽ നടക്കും.

Previous Post Next Post