ആമസോൺ തട്ടിപ്പ് ! ഓർഡർ ചെയ്തത് മരംമുറി യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകള്‍


കാസര്‍ഗോഡ് :- മഞ്ചേശ്വരം സ്വദേശിയായ ഷൗക്കത്തലി ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയത് മരംമുറിക്കുന്ന യന്ത്രത്തിനാണ്. പക്ഷേ ലഭിച്ചതാകട്ടെ വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകള്‍. ഷൗക്കത്തലി പരാതി നല്‍കി. ഷൗക്കത്തലിക്ക് മരംമുറിയാണ് ജോലി. മരം മുറിക്കാനുള്ള യന്ത്രങ്ങളും സേഫ്റ്റി ഷൂകളുമൊക്കെ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാറുണ്ട്. 9,999 രൂപ വില വരുന്ന മരം മുറിക്കുന്ന യന്ത്രം ആമസോണ്‍ വഴി ഓർഡർ നല്‍കിയത് കഴിഞ്ഞ മാസം അവസാനമാണ്. 

പാര്‍സൽ കൈപ്പറ്റി തുറന്ന് നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി യുവാവിന് മനസിലായത്. യന്ത്രത്തിന് പകരമുള്ളത് വൈക്കോലില്‍ പൊതിഞ്ഞ രണ്ട് സിമന്‍റ് കട്ടകള്‍. ഒപ്പം ഒരു ബ്ലെയ്ഡും. കാഷ് ഓണ്‍ ഡെലിവറിയായിരുന്നുവെന്ന് ഷൌക്കത്തലി പറഞ്ഞു. കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ ഡെലിവറി ചെയ്തത് മരംമുറി യന്ത്രമാണെന്നാണ് ആമസോണ്‍ അധികൃതര്‍ പറഞ്ഞത്. ഒന്നും ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു. ഇതോടെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഷൗക്കത്തലി. 

Previous Post Next Post