പുതിയതെരു :- പുതിയതെരുവിൽ നടപ്പാക്കിയ ഗതാഗതപ രിഷ്കാരത്തെ തുടർന്ന് വാഹനകുരുക്ക് ഞായറാഴ്ച കുറേക്കൂടി അയഞ്ഞു. കടകമ്പോളങ്ങളും ഓഫീസുകളും സ്കൂളുകളും അവധിയായതിനാൽ പൊതുവേ സ്വകാര്യ ചെറുവാഹനങ്ങൾ കുറവായിരുന്നു. തളിപ്പറമ്പ് ഭാഗത്തു നിന്ന് കണ്ണൂരിലേക്കുള്ള ബസുകൾ ഇടതടവില്ലാതെ പോയി. എവിടെയും കാര്യമായ നിർത്തൽ ഉണ്ടായില്ലെന്ന് ചില ബസ് യാത്രക്കാർ പറഞ്ഞു.
ഗതാഗത പരിഷ്കാരം ചൊവ്വാഴ്ച വരെയാണ്. അതിനു ശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേർന്ന് വിലയിരുത്തും. പഴയങ്ങാടി, തളിപ്പറമ്പ്, അഴീക്കൽ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പ് പഴയ സ്ഥലത്ത് പുനഃസ്ഥാപിച്ചുകൊണ്ട് രണ്ടുദിവസം കൂടി എടുത്ത് ഇപ്പോൾ നടപ്പാക്കിയ ഗതാഗതപരിഷ്ക്കാരം എങ്ങനെയെന്ന് വിലയിരുത്തണമെന്നും വ്യാപാരിവ്യവസായി സംരക്ഷണസമിതി വൈസ് പ്രസിഡന്റ് പി.എം അബ്ദുൾമാനാഫ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചു. കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള വഴിയിൽ ഗതാഗത പരിഷ്കരണത്തെ തുടർന്ന് കുരുക്ക് തീരെ ഉണ്ടായില്ലെന്ന് യോഗം വിലയിരുത്തി. സ്റ്റോപ്പ് പുതിയതെരു ടൗണിൽ നിന്ന് മാറ്റിയത് കാരണം വെള്ളിയാഴ്ച മുതൽ വ്യാപാരമാന്ദ്യം സംഭവിച്ചതായും വ്യാപാരികൾ പറഞ്ഞു.