ശ്രീകണ്ഠപുരം :- പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള ചൂളിയാട് നിവാസികളുടെ ഓമനക്കാഴ്ച ഇന്ന്. ചൂളിയാട് തടത്തിൽക്കാവ്, ചമ്പോച്ചേരി മടപ്പുരക്കൽ, നല്ലൂർ, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിൽ മൂന്ന് ദിവസം മുൻപ് പഴു ക്കാൻവെച്ച അടുക്കൻ വാഴക്കുലകൾ വെള്ളിയാഴ്ച പുറപ്പെടുത്തു. ശനിയാഴ്ച രാവിലെ 10-ന് പഴക്കുലയുമേന്തി പയ്യാവൂരിലേക്ക് പുറപ്പെടും.
പുലർച്ചെ പയ്യാവൂർ ക്ഷേത്രത്തിൽ നിരവധി നെയ്യമൃത് മഠങ്ങളിൽ വ്രതശുദ്ധിയോടെ കഴിയുന്നവരുടെ നെയ്യൊപ്പിക്കലും നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും കോമരത്തച്ചൻ്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പിൽ നൃത്തവും നടക്കും. വൈകീട്ട് നാലിന് ഓമനക്കാഴ്ച പയ്യാവൂർ ക്ഷേത്രത്തിലെത്തും. കാഴ്ച ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെ കാളപ്പുറത്ത് അരിയുമായി ഉത്സവാരംഭത്തിൽ അരിയുമായെത്തിയ കുടകർ മടങ്ങും.
ഞായറാഴ്ച ഉച്ചയ്ക്ക് നെയ്യമൃതും കാരുടെ അടീലൂണ് നടക്കും. തുടർന്ന് ഇവർ വീടുകളിലേക്ക് മടങ്ങും. ഉത്സവം 24-ന് സമാ പിക്കും.