കണ്ണൂർ :- കേരളമൊട്ടുക്ക് നടന്ന പാതിവിലത്തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ തേടി ഇ.ഡി വിവിധ ബാങ്കുകൾക്ക് നോട്ടീസ് നൽകി. തട്ടിപ്പുനടന്ന കാലയളവിലെ ഇടപാടുവിവരങ്ങളാണ് തേടിയിരിക്കുന്നത്. പോലീസ് കേസിൽ പ്രതിയാക്കപ്പെട്ടിട്ടുള്ളവരെല്ലാം ഇ.ഡി കേസിലും പ്രതികളാകും. പരാതിക്കാരെ ഉടൻതന്നെ പ്രാഥമിക മൊഴിയെടുപ്പിനായി വിളിപ്പിക്കും.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രാഷ്ട്രീയനേതൃത്വത്തിലേക്ക് അന്വേഷണം കൊണ്ടുപോകാതിരിക്കുമ്പോൾ കേസുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരെയും ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. വെള്ളിയാഴ്ചയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. ഏതാനും ദിവസം മുൻപ് കേസെടുത്തെന്ന് അഭ്യൂഹം പരന്നെങ്കിലും അത് വിവര ശേഖരണം മാത്രമായിരുന്നെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു,
അനന്തുകൃഷ്ണൻ്റെ അക്കൗണ്ടുകളിലൂടെ ഒന്നരവർഷത്തിനുള്ളിൽ 450 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളാണ് ബാങ്കുകളോട് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൊഫഷണൽ സർവീസ് ഇനവേഷൻസ്, സോഷ്യൽ ബീവെൻചേഴ്‌സ്, ഗ്രാസ് റൂട്ട് ഇനവേഷൻസ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പുനടത്തിയ പണത്തിലെ ഏറിയപങ്കും പോയിരിക്കുന്നത്.
ഈ അക്കൗണ്ടുകളിൽ നിന്ന് ആരുടെയൊക്കെ അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടെന്നും അവർക്ക് അനന്തു കൃഷ്ണനുമായുള്ള ബന്ധവും ഇ.ഡി പരിശോധിക്കും. കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഇ.ഡി ചോദ്യം ചെയ്യും.
വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സി.എസ്.ആർ.) ഉപയോഗിച്ച് പകുതിവിലയ്ക്ക് സ്കൂട്ടർ ഉൾപ്പെടെയുള്ളവ നൽകാമെന്ന് പ്രലോഭിപ്പിച്ചാണ്. അനന്തുകൃഷ്ണനും സംഘവും സാധാരണക്കാരെ കബളിപ്പിച്ചത്.
വഞ്ചിതരായവർക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ കടമ്പകളേറെ
ഇപ്പോൾ നടന്ന പോലീസ് അന്വേഷണവും തുടർന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും ഇരകൾക്ക് പണം തിരികെക്കിട്ടാൻ പ്രാപ്തമാകില്ല. ക്രിമിനൽ നടപടിപ്രകാരം വഞ്ചനാകുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരേ കേസ്. ഈ സാഹചര്യത്തിൽ പണം തിരികെക്കിട്ടണമെങ്കിൽ ഓരോ പരാതിക്കാരും സിവിൽ കേസുമായി കോടതിയെ സമീപിക്കേണ്ടിവരും. അല്ലാത്തപക്ഷം പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമ്പോൾ, പരാതിക്കാർക്ക് പണം നൽകി പ്രശ്നം പരിഹരിക്കാമെന്ന് കോടതി മുൻപാകെ ഉറപ്പുനൽകുകയും അത് കോടതി അംഗീകരിക്കുകയും വേണം. കോടതി മീഡിയേറ്ററെ വെക്കുകയും പണം നഷ്ടപ്പെട്ട മുഴുവൻ പേരിൽ നിന്നും രേഖകൾ വാങ്ങി നഷ്ടപ്പെട്ട പണം തിരികെ നൽകുകയും ചെയ്താലും പ്രശ്നം തീർപ്പാകും.
ആകെ രണ്ടുകോടി രൂപ യിൽ താഴെമാത്രമാണ് ഇയാ ളുടെ 21 അക്കൗണ്ടുകളിലാ യുള്ളത്. തട്ടിപ്പിനിരയായവർ 40,000-ത്തിനുമുകളിൽ വരു മെന്നിരിക്കെ, ഇവർക്കെല്ലാം പണം മടക്കിനൽകാൻ വൻ തുക വേണ്ടിവരും. നിയമവിധേയമല്ലാത്ത നിക്ഷേപപദ്ധതികൾ നിരോധിച്ച് 2019-ൽ പാസാക്കിയ 'ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) നിയമമപ്രകാരം ഇരകൾക്ക് പണം തിരികെക്കിട്ടാൻ മാർഗമുണ്ടോയെന്നതിലും നിയമവിദഗ്‌ധർ സംശയമുന്നയിക്കുന്നു.