കണ്ണൂർ :- കേരള പോലീസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുപ്രകാരം കുട്ടികൾക്കുനേരേയുള്ള കുറ്റകൃത്യങ്ങൾ 13 ശതമാനം കുറഞ്ഞെങ്കിലും സ്ത്രീകൾക്കുനേരേയുള്ള കുറ്റകൃത്യങ്ങളിലും പോക്സോ കേസുകളിലും എടുത്തുപറയാൻ മാത്രം കുറവില്ല. യഥാക്രമം 0.49 ശതമാനവും 1.02 ശതമാനവും മാത്രം കുറവാണുള്ളത്.
കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരേ കർക്കശ നടപടികളും ബോധവത്കരണവും നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമുണ്ടാവുന്നില്ല. സ്ത്രീകൾക്കുനേരേയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2023-ൽ 18,980 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2024-ൽ ഇത് 18,887 ആയി കുറഞ്ഞു. 93 കേസുകളുടെ കുറവ്. എന്നാൽ ബലാത്സംഗക്കേസുകൾ 2562-ൽ നിന്ന് 2901 ആയി. 12 ശതമാനം വർധന. ഭർത്താവും ഭർത്തൃവീട്ടുകാരും നടത്തുന്ന പീഡനങ്ങളാണ് എണ്ണത്തിൽ മുന്നിൽ.
പോക്സോ കേസ് 2023-ൽ 4641 ആയിരുന്നത് 2024-ല് 4594 ആയി. തിരുവനന്തപുരമാണ് മുന്നിൽ-602. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്-504. മൂന്നാമത് കോഴിക്കോടും- 460. കുറവ് കാസർകോട്ടാണ്, 155 മാത്രം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 5903-ൽ നിന്ന് 5140 ആയി കുറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ 23 കേസുകളാണ് കഴിഞ്ഞ വർഷമുണ്ടായത്. 2023-ൽ 33 ആയിരുന്നു.