കണ്ണൂർ :- പൊതു ഇടങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ തയ്യാർ. ആദ്യ ഘട്ടത്തിൽ നഗരത്തിലെ 55 ഇടങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സ്പോൺസർമാരെ കണ്ടെത്തിയാണ് ഇവ സ്ഥാപിക്കുക. ഫോർട്ട് റോഡ്, പഴയ ബസ്‌സ്റ്റാൻഡ് പരിസരം, എം.എ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം ചവറ്റുകുട്ടകൾ സ്ഥാപിക്കും.
ജൈവ-അജൈവ മാലിന്യം വേർതിരിച്ചിടാനുള്ളവയാണ് സ്ഥാപിക്കുക. മാർച്ച് 31-നകം പദ്ധതി പൂർത്തിയാക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായും മേയർ പറഞ്ഞു. മുനിസിപ്പാലിറ്റിയായിരുന്നപ്പോൾ ചവറ്റുകുട്ടകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ് ഉപേക്ഷിക്കേണ്ടിവന്നത്. അതിനാൽ പൊതുജനങ്ങളും ഇതേക്കുറിച്ച് ബോധവാൻമാരകണമെന്നും മേയർ പറഞ്ഞു.