തിരുവനന്തപുരം :- ഈ വർഷം 'കുറഞ്ഞ മാർക്ക്' സമ്പ്രദായം ഏർപ്പെടുത്തുന്ന 8-ാം ക്ലാസിലെ പുനഃപരീക്ഷയിൽ 30% മാർക്ക് നേടിയില്ലെങ്കിലും ക്ലാസ് സ്ഥാനക്കയറ്റം തടയില്ല. അവർക്കും 9-ാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ, ഇവർ നിശ്ചിത പഠനനിലവാരം നേടിയെന്ന് ഉറപ്പാക്കാൻ വീണ്ടും രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം നൽകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ വ്യക്തമാക്കി. എട്ടാം ക്ലാസിലെ പൊതുപരീക്ഷയിൽ ഓരോ വിഷയത്തിനും കുട്ടികൾ 30% മാർക്ക് നേടണമെന്നാണു നിബന്ധന.
ഏപ്രിൽ 5ന് പരീക്ഷാഫലം പ്രഖ്യാപിക്കും. ഇതിൽ 30% മാർക്ക് നേടാനാകാത്തവർക്ക് ഏപ്രിൽ 8 മുതൽ 24 വരെ ആ വിഷയങ്ങളിൽ സ്കൂളുകളിൽ പ്രത്യേക ക്ലാസ് നൽകിയ ശേഷം 25 മുതൽ 28 വരെ പുനഃ പരീക്ഷ നടത്തും. 30ന് ഫലപ്രഖ്യാപനം. ഇതിൽ 30% മാർക്ക് നേടിയില്ലെങ്കിലും ക്ലാസ് സ്ഥാന ക്കയറ്റം തടയില്ലെന്നും വീണ്ടും അവരുടെ നിലവാരം ഉയർത്താനുള്ള ശ്രമമാകും നടത്തുകയെന്നും വ്യക്തമാക്കിയാണു സർക്കുലർ. അടുത്ത അധ്യയന വർഷം 9-ാം ക്ലാസിലും അതിനടുത്ത വർഷം 10-ാം ക്ലാസിലും കുറഞ്ഞ മാർക്ക് ഏർപ്പെടുത്തും.