തളിപ്പറമ്പ് :- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന ഭക്തിനിർഭരമായ ചടങ്ങുകൾക്കൊടുവിൽ തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെയും മേൽശാന്തി പാക്കത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റി. വാദ്യമേളവും നാമജപവും മുഴങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു കൊടിയേറ്റം.
കൊടിയേറ്റൽ ചടങ്ങുകൾ പൂർത്തിയാകുമ്പോഴേക്കും കിഴക്ക് നടയിറങ്ങി ഭക്തജനങ്ങൾക്കിടയിലൂടെ ഓലക്കുടയും പാൽക്കുടവുമായി പാലമൃതൻ ക്ഷേത്രസന്നിധിയിലേക്ക ഓടിയണഞ്ഞു. കൊടിയേറുന്നത് കാണാൻ ഇത്തവണ ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. മഹാ അന്നദാനവുമുണ്ടായി. ഏഴിന് രാത്രി 8.15 മുതൽ നൃത്തനൃത്യങ്ങൾ അരങ്ങേറും. 14 നാൾ നീളുന്നതാണ് ഉത്സവം.