കണ്ണൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 'സ്പിരിറ്റ് എയർ' സർവീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു. അതി ൻ്റെഭാഗമായി ഏവിയേഷൻ കമ്പനിയായ സ്പിരിറ്റ് എയറിന്റെ സ്ഥാപകൻ സുബോദ് വർമയുമായി ചർച്ച നടത്തി. ജൂലായ് മുതൽ കണ്ണൂരിൽനിന്നും തിരുവനന്തപുരം, കോഴിക്കോട്, മൈസൂരു, നെയ്‌വേലി, കോയമ്പത്തൂർ, ആർക്കോണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കും.
കൂടാതെ, പെട്ടെന്ന് കേടാകുന്ന ചരക്കുകൾ ഇന്ത്യയിലെവിടെയും പെട്ടന്ന് എത്തിക്കുന്നതിനുള്ള കാർഗോ വിമാനസർവീസുകളും ആരംഭിക്കും. വ്യാപാര-വ്യവസായ സമൂഹത്തിന് താങ്ങാവുന്ന നിരക്കിലും വേഗത്തിലുമുള്ള ഗതാഗതമാർഗം ലഭ്യമാക്കുന്നതിന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ‌് വിവിധ വിമാന കമ്പനികളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ചർച്ചകൾ നടത്തിവരുന്നുണ്ട്. സ്പിരിറ്റ് എയറിൻ്റെ തീരുമാനത്തെ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ സ്വാഗതം ചെയ്തു. കച്ചവടസമൂഹത്തിന് ഏറെ ഗുണംചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും ചേംബർ ഭാരവാഹികൾ അറിയിച്ചു.