തിരുവനന്തപുരം :- സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശാ സമരക്കാർ. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സർക്കാർ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം. കണ്ണു തുറക്കാത്ത സര്‍ക്കാരിന് മുന്നിൽ കണ്ണീരോടെ, ഉള്ളു നീറും വേദനയോടെ, എന്നാൽ പ്രതിഷേധ കനൽ ഒട്ടും കെടാതെയാണ് ആശമാര്‍ തല മുണ്ഡനം ചെയ്തത്.
തുച്ഛമായ കൂലി പോരെന്ന് പറഞ്ഞ തങ്ങളെ അവഗണിച്ച, കളിയാക്കിയ സര്‍ക്കാരിന് മുന്നിലേയ്ക്കാണ് അവര്‍ മുടിച്ചെറിഞ്ഞത്. അവർ ഒന്നും രണ്ടും പേരായിരുന്നില്ല. നീണ്ടു വളര്‍ന്ന മുടി പാതിയിലധികം വെട്ടി മാറ്റിയും അറ്റം മുറിച്ചും പ്രതിഷേധം. ആശാ സമരപ്പന്തലിലാകെ അന്‍പതാം നാള്‍ സഹന സമരത്തിന്റെ ചൂട്. മുറിച്ച മുടി കയ്യിൽ പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യത്തിനും പെൻഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോക്ക് വക്കുന്നത്. രണ്ടു വട്ടം ചര്‍ച്ച നടത്തിയിട്ടും നിരാഹാര സമരം തുടര്‍ന്നിട്ടും അനങ്ങാത്ത സര്‍ക്കാരിന് മുന്നിലേക്ക് കണ്ണീരോടെ അവര്‍ മുടി മുറിച്ചെറിഞ്ഞത് .