കണ്ണൂർ :- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ.എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരം എന്നിവയ്ക്കായി കൃതികള്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഗ്രന്ഥകര്‍ത്താക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ- സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനയ്ക്കുള്ള കൃതികളും ഗവേഷണ പ്രബന്ധങ്ങളും അയക്കാം. നാല് പകര്‍പ്പുകളാണ് അയക്കേണ്ടത്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍, ഭാഷാ സാഹിത്യ പഠനങ്ങള്‍, സാമൂഹിക ശാസ്ത്രം, കല - സാംസ്‌കാരിക പഠനങ്ങള്‍ എന്നീ മേഖലകളിലുളള കൃതികളാണ് എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം.
ശാസ്ത്ര - ശാസ്‌ത്രേതര വിഭാഗങ്ങളിലാണ് ഡോ. കെ. എം. ജോര്‍ജ് സ്മാരക ഗവേഷണപുരസ്‌കാരം പുരസ്‌കാരം നല്‍കുന്നത്. പ്രസ്തുത കാലയളവില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍, ശാസ്ത്രം/ശാസ്‌ത്രേതരം വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം. ഒരോ വിഭാഗത്തിനും അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് എം.പി കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. കൃതികള്‍ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ മെയ് 31 നകം ലഭിക്കണം. ഇവ തിരികെ നല്‍കുന്നതല്ല. ഫോണ്‍ : സീനിയര്‍ സൂപ്രണ്ട് : 9497469556, പി.ആര്‍.ഒ : 9447956162