അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ടയാൾ കണ്ണൂരിൽ നിന്നും പിടിയിലായി


ചക്കരക്കല്ല് :- അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശിയെ ചക്കരക്കല്ല് പോലീസ് പിടികൂടി. അസമിലെ ധുബ്രി ജില്ലയിലെ മൊയ്‌നിൽ ഹഖിനെയാണ് (31) ചെമ്പിലോട് വെച്ച് ചക്കരക്കല്ല് ഇൻസ്പെക്ടർ എം.പി ആസാദ്, വൈശാഖ് കെ. വിശ്വൻ, എ.എ സ്.ഐ ടി.അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഒരാഴ്ച മുൻപാണ് കടയുടമയെ ഇയാൾ വെടിവെച്ചത്. തുടർന്ന് ഒളിവിൽകഴിഞ്ഞ പ്രതി കേരളത്തിലെത്തിയതായി അസം പോലീസ് കണ്ടെത്തി. 

രണ്ടുദിവസം മുൻപ് കണ്ണൂരിൽ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കിമെട്ടയിൽ താമസിക്കുന്ന അസം സ്വദേശികളായ അതിഥിത്തൊഴിലാളികൾക്കൊപ്പം താമസം തുടങ്ങിയതായും ചെമ്പിലോട് പഞ്ചായത്ത് പരിധിയിലെ വീട് നിർമാണത്തിൽ ഏർപ്പെട്ടുവരുന്നതായും പോലീസിന് വിവരം ലഭിച്ചു. ഇയാൾ ഫോൺ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ടവർ ലൊക്കേഷൻ നോക്കിയാണ് അസം പോലീസ് തിങ്കളാഴ്ച കണ്ണൂരെത്തിയത്. അസം പോലീസ് സംഘം ചക്കരക്കല്ല് പോലീസിന്റെ സഹായം തേടി. താമസസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post