ബെംഗളൂരു :- വിഷു-ഈസ്റ്റർ അവധിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസിന് വിമാനത്തെക്കാൾ നിരക്ക് കൂടുതൽ. ഏപ്രിൽ 11 മുതൽ 19 വരെ വിമാനത്തിന് 3000 രൂപയ്ക്കുതാഴെ നിരക്കുള്ളപ്പോൾ സ്വകാര്യ ബസുകളിലെ നിരക്ക് 3300 രൂപയാണ്. ഈ നിരക്കിൽ നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിൽ പോയി വരാൻ 28,000 രൂപയ്ക്കടുത്ത് ടിക്കറ്റിന് മാത്രമാകും. അവധിക്ക് ഇനി ഒന്നരമാസത്തോളം ബാക്കിയുള്ളതിനാൽ സ്വകാര്യ ബസുകളിലെ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.
കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൻ്റെയും വിമാനത്തിന്റെയും നിരക്ക് ഏകദേശം തുല്യമാണ്. 3000 രൂപയ്ക്കടുത്താണ് നിരക്ക്. കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. ബെംഗളൂരുവിൽ നിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ മാത്രമാണ് ഏതാനും ടിക്കറ്റുകൾ ബാക്കിയുള്ളത്. കേരള, കർണാടക ആർ.ടി.സി ബസുകളിലെ ബുക്കിങ് തുടങ്ങാൻ ഇനി ഒരാഴ്ചകൂടി കാത്തിരിക്കണം. യാത്രയ്ക്ക് ഒരുമാസം മുൻപാണ് ആർ.ടി.സി ബസുകളിലെ ബുക്കിങ് സാധ്യമാകുന്നത്.