കണ്ണൂർ :- ദേശീയപാത നിർമാണത്തിനിടെ വീടിനു വിള്ളൽ ഉൾപ്പെടെയുള്ള കേടുപാടുകൾ സംഭവിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ എൻഐടി അല്ലെങ്കിൽ ഐഐടി പോലുള്ള വിദഗ്ധ സ്ഥാപനത്തിന്റെ പഠനം ആവശ്യമാണെന്നു മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ്. വീടിനുണ്ടായ കേടുപാടുകൾ റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണെങ്കിൽ സബ് കളക്ടർ തുടർനടപടികൾ സ്വീകരിച്ചു പരാതിക്കാരനു നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
തലശ്ശേരി സബ് കലക്ടർക്കാണു കമ്മിഷൻ നിർദേശം നൽകിയത്. താഴെചൊവ്വ സ്വദേശി ഇ.എം രഞ്ജിത് ബാബുവിന്റെ പരാതിയിലാണു നടപടി. നഗരസഭാ പരിധിയിൽ താമസിക്കുന്ന പരാതിക്കാരൻ്റെ വീട് ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തിന്റെ 35 മീറ്ററിനുള്ളിലാണെന്നും നിർമാണ സമയത്തെ കമ്പനത്തെ തുടർന്നു സാരമായ കേടുപാടുകൾ സംഭവിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണം ദേശീയപാത അതോറിറ്റി നിഷേധിച്ചു. തുടർന്നാണു വിദഗ്ധ പരിശോധനയ്ക്കു കമ്മിഷൻ നിർദേശം നൽകിയത്.