അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകി ചെങ്ങളായി ഗ്രാമപഞ്ചായത്ത് ബജറ്റ്


ചെങ്ങളായി :- ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റിൽ അടിസ്ഥാന സൌകര്യ വികസന മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പ്രാമുഖ്യം നൽകി സമഗ്ര വികസനത്തിനുള്ള പദ്ധതികൾ മുന്നോട്ട് വെച്ചു. ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. 422931348 വരവും 380874950 രൂപ ചെലവും 42056398 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ശോഭന ടീച്ചർ ബജറ്റ് അവതരണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ വികസന നയരേഖ അവതരിപ്പിച്ചു. പൊതുമരാമത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന റോഡുകളിൽ സ്ട്രീറ്റ് മെയിൻ ലൈൻ സ്ഥാപിക്കും. പെരുമ്പാറക്കടവ് കടവത്ത് പാലം നിർമ്മിക്കും. പൊതുമരാമത്ത് മേഖലയ്ക്കായി 5 കോടി 50 ലക്ഷം രൂപ വകയിരുത്തും. കായിക മേഖലയുടെ വികസന കുതിപ്പിന് ഉതകുന്ന തരത്തിൽ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം 1 കോടി രൂപ ചെലവിൽ ആധുനികവത്ക്കരിക്കും. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കും. 

ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു. പഞ്ചായത്തിലെ ശ്മശാനങ്ങൾ ആധുനികവത്കരിക്കുന്നതിന് തുക വകയിരുത്തി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തും. സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉള്ള ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മുന്‍ഗണന നൽകി. പട്ടികജാതി പട്ടിക വർഗ്ഗ വികസനത്തിന് 55 ലക്ഷം രൂപ വകയിരുത്തി. വനിത ശിശു ക്ഷേമം പ്രവർത്തനങ്ങൾക്കായി 1 കോടി പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് 1 കോടി പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്ക് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഉൽപാദന മേഖലയ്ക്ക് പ്രഥമ പരിഗണ നൽകിയിട്ടുണ്ട്. 

സ്ഥിരം സമിതി ചെയർമാൻമാരായ എ.ജനാർദ്ദനൻ, രജിത പി.വി, എം.എം പ്രജോഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ.നാരായണൻ, കൊയ്യം ജനാർദ്ദനൻ സെക്രട്ടറി മധു.പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ രവി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, നിർവഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post